എന്‍95 മാസ്‌ക് ലഭിക്കാനില്ല, ചൈനയില്‍ മലയാളി കുടുംബം ദുരിതത്തില്‍

തൃശൂര്‍: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള എന്‍95 മാസ്‌കുകളുടെ കയറ്റുമതി നിരോധിച്ചതോടെ ചൈനയില്‍ നൂറുകണക്കിനു മലയാളി കുടുംബങ്ങള്‍ വീടുകളില്‍ കുടുങ്ങിയ നിലയില്‍. കേരളത്തില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചപ്പോഴാണ് മുന്‍കരുതലെന്ന നിലയില്‍ എന്‍ 95 മാസ്‌കിന്റെ കയറ്റുമതി നിരോധിച്ചത്.

”മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ പൊലീസ് പിടിക്കും. എന്‍95 മാസ്‌ക് കിട്ടാനില്ല. ഞങ്ങളൊക്കെ വീടിനകത്ത് അടച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും വാങ്ങി അയയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ മാസ്‌കിന്റെ കയറ്റുമതി നിരോധിച്ചതിനാല്‍ കസ്റ്റംസ് പിടികൂടി തിരിച്ചയയ്ക്കുകയാണ്. സര്‍ക്കാര്‍ ഇടപെട്ട് സഹായിക്കണം” ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയില്‍ നിന്നു മലയാളികള്‍ക്കു വേണ്ടി വിളിച്ചത് തൃശൂര്‍ സ്വദേശി ഗിരീഷ് ഗോപിനാഥാണ് ഇക്കാര്യം പുറത്തറിയിച്ചത്.

ചൈനയില്‍ 7 വര്‍ഷമായി കച്ചവടം നടത്തുന്ന ഗിരീഷിനും കുടുംബാംഗങ്ങള്‍ക്കും ഒരു ദിവസം 20 മാസ്‌കുകളെങ്കിലും വേണം. ചൈനയില്‍ ഇത്തരം മാസ്‌ക് കിട്ടണമെങ്കില്‍ ഓണ്‍ലൈനായി അപേക്ഷിച്ചു കാത്തിരിക്കണം. ആദ്യം അപേക്ഷിക്കുന്ന 6000 പേര്‍ക്കാണ് ഒരു ദിവസം ലഭിക്കുന്നത്. എന്നാല്‍ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ ഏറെ ആവശ്യക്കാരുള്ളതിനാല്‍ മറ്റു പ്രവിശ്യകളില്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്. 4 മണിക്കൂര്‍ കഴിഞ്ഞാല്‍ മാസ്‌ക് മാറണമെന്നാണു നിയമം. ഇടയ്ക്കിടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വന്നു പരിശോധിക്കും. ചൈനയിലെ മലയാളി അസോസിയേഷനുകളും മാസ്‌ക് എത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ കുറിയര്‍ കമ്പനികള്‍ മുന്‍പ് കസ്റ്റംസ് തിരിച്ചയച്ച അനുഭവം പറഞ്ഞ് മാസ്‌ക് എടുക്കാന്‍ തയാറാകുന്നില്ല.

Top