പാപക്കറ കഴുകിക്കളയാന്‍ സ്വര്‍ണക്കിരീടം കൊണ്ടാവില്ല;സുരേഷ് ഗോപിയെ വിമര്‍ശിച്ച് എന്‍ പ്രതാപന്‍

തൃശ്ശൂര്‍: ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍ സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച സുരേഷ് ഗോപിയെ വിമര്‍ശിച്ച് തൃശ്ശൂര്‍ എം പി ടി എന്‍ പ്രതാപന്‍. മണിപ്പൂരില്‍ പള്ളി തകര്‍ത്തതിന്റെ പരിഹാരമായാണ് സ്വര്‍ണ കിരീടം സമര്‍പ്പിച്ചതെന്നാണ് വിമര്‍ശനം. പാപക്കറ കഴുകിക്കളയാന്‍ സ്വര്‍ണക്കിരീടം കൊണ്ടാവില്ല. തൃശ്ശൂരില്‍ ബി ജെ പി ചെലവഴിക്കാന്‍ പോവുന്നത് നൂറ് കോടി രൂപയെന്നും ആരോപണം. ബി ജെ പിയുടെ രാഷ്ട്രീയ നാടകം തൃശ്ശൂരുകാര്‍ തിരിച്ചറിയുമെന്നും പ്രതാപന്‍ പറഞ്ഞു.

ജനുവരി 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹത്തില്‍ പങ്കെടുക്കും. ജനുവരി 16ന് കൊച്ചിയിലെത്തുന്ന മോദി അന്ന് റോഡ് ഷോ നടത്തും. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും പ്രധാനമന്ത്രി ദര്‍ശനം നടത്തിയേക്കും.

മകളുടെ വിവാഹത്തിന് മുന്നോടിയായുള്ള നേര്‍ച്ചയുടെ ഭാഗമായാണ് സുരേഷ് ഗോപിയും കുടുംബവും സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ചത്. ആഴ്ചകള്‍ക്ക് മുമ്പ് പള്ളി സന്ദര്‍ശിച്ച സുരേഷ് ഗോപി തനിക്ക് ഇത്തരത്തില്‍ ഒരു ആഗ്രഹമുണ്ടെന്ന് പള്ളി അധികൃതരെ അറിയിക്കുകയായിരുന്നു.

Top