ഐക്യരാഷ്ട്രസഭയുടെ ഉപരോധം നികൃഷ്ടവും, കുറ്റകരവും ; വിമര്‍ശനവുമായി ഉത്തരകൊറിയ

North koria

പ്യോങ്യാംഗ് : ആണവ പരീക്ഷണങ്ങളുടെ പേരിൽ അന്തരാഷ്ട്ര തലത്തിൽ ഐക്യരാഷ്ട്രസഭ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് എതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ഉത്തരകൊറിയ. ഐക്യരാഷ്ട്രസഭയെയും അമേരിക്കയെയും ഒരുപോലെയാണ് ഉത്തരകൊറിയ വിമര്‍ശിച്ചത്.

അമേരിക്ക കൊണ്ടുവന്ന സമാധാന പ്രമേയം പാസാക്കിക്കൊണ്ടാണ് യു.എന്‍ ഉത്തരകൊറിയയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയത്. കൊറിയയിലേക്കുളള എണ്ണ കയറ്റുമതിയില്‍ വരെ കൈകടത്തുന്ന പ്രമേയം ചൈനയുടെയും റഷ്യയുടെയും പിന്‍തുണയോടെയാണ് പാസായത്.

ലോക ശക്തിയായി ഉത്തരകൊറിയ വളരുന്നതിൽ പേടിച്ചാണ് ഈ നടപടിയെന്നും, രാജ്യത്തെ അനുകൂലിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നത് ഇതിനാലാണെന്നും ഉത്തര കൊറിയ നേരത്തെ വ്യക്തമാക്കിയിരുന്നു.

നികൃഷ്ടവും , കുറ്റകരവും എന്ന ഉത്തര കൊറിയ വിശേഷിപ്പിക്കുന്ന ഈ ഉപരോധം രാജ്യത്തെ ജനങ്ങളുടെ ഉപജീവനമാർഗത്തെയും പൊതുജനാരോഗ്യത്തെയും വീര്‍പ്പുമുട്ടിക്കുന്നതാണെന്നും ഉത്തര കൊറിയ വ്യക്തമാക്കുന്നു.

യു.എൻ സുരക്ഷ കൗൺസിൽ അമേരിക്കയുടെ അധികാരസാമ്രാജ്യത്തിന്റയും, സ്വേച്ഛാപരമായ നീക്കത്തിന്റെയും പിടിയിലാണെന്നും അതിന്റെ സമർദ്ദത്തിലാണ് ഉത്തര കൊറിയൻ ജനതയുടെ മനുഷ്യാവകാശങ്ങൾ ഇല്ലാതാക്കുന്ന ഈ ഉപരോധത്തിന് കാരണമെന്നും അമേരിക്കൻ ഭരണകൂടത്തിനെ കുറ്റപ്പെടുത്തിക്കൊണ്ട് പുതിയ പ്രസ്താവനയിൽ ഉത്തര കൊറിയ പറയുന്നു.

പ്യോങ്യാങിനെതിരെ ശക്തവും രൂക്ഷവുമായി ഉപരോധം ഏർപ്പെടുത്താൻ പദ്ധതിയിടുന്നതായി അമേരിക്ക വൈസ് പ്രസിഡന്റ് മൈക് പെൻസ് കഴിഞ്ഞ ദിവസം വാഷിംഗ്ടണിൽ പറഞ്ഞിരുന്നു.

ഉപരോധം അവസാനിപ്പിക്കുന്നതിൽ അമേരിക്കയുമായുള്ള ഉടമ്പടിക്ക് ഉത്തര കൊറിയ തയാറായാൽ ആണവ ആയുധപദ്ധതി ആദ്യം ഉപേക്ഷിക്കണമെന്ന് അമേരിക്കൻ ഭരണകൂടം ആവശ്യപ്പെടുമെന്നത് വ്യക്തമാണ്. ആണവ, മിസൈല്‍ പരീക്ഷണങ്ങളുടെ പേരിൽ അമേരിക്കയും , ഉത്തര കൊറിയയും ദീർഘകാലമായി വാക്ക്പോരിലാണ്.

ആണവ പരീക്ഷണങ്ങൾ നിരന്തരം നടത്തുന്ന ഉത്തരകൊറിയയ്ക്ക് പുതിയ ഉപരോധം കൂടുതൽ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഉത്തരകൊറിയിൽ ഉപരോധം കാരണം പട്ടിണി കൂടുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിദേശത്ത് ജോലിചെയ്യുന്ന ഉത്തരകൊറിയന്‍ പൗരന്‍മാരെ എല്ലാരാജ്യങ്ങളും 2019-ഓടെ തിരിച്ചയക്കണമെന്ന് ഉപരോധത്തിൽ നിർദേശമുണ്ട്. ഇത് രാജ്യത്തിൻറെ സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയാണ്.

അതേസമയം ഉപരോധം തുടരുകയാണെങ്കിൽ ഉത്തരകൊറിയ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഒരുപക്ഷേ ഉപരോധം യുദ്ധത്തിലേക്ക് നയിക്കുന്നുവെന്നും കിം ജോങ് ഭരണകുടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഉപരോധം നിലവില്‍വരുന്നതോടെ ഉത്തരകൊറിയയിലേക്കുള്ള എണ്ണകയറ്റുമതിയില്‍ 75 ശതമാനത്തോളം കുറവുണ്ടായി. ചൈനയാണ് ഉത്തരകൊറിയക്ക് എണ്ണ നല്‍കുന്ന പ്രമുഖരാജ്യം.

യന്ത്രസാമഗ്രികള്‍, ട്രക്കുകള്‍, ഇരുമ്പ്, ഉരുക്ക്, മറ്റ് ധാതുക്കള്‍ എന്നിവ ഉത്തരകൊറിയക്ക് നല്‍കരുതെന്നും ഉത്തരകൊറിയ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍, വൈദ്യുതോപകരണങ്ങള്‍, മണ്ണ്, കല്ല്, തടി, പാത്രങ്ങള്‍ എന്നിവ മറ്റുരാജ്യങ്ങള്‍ ഇറക്കുമതി ചെയ്യരുതെന്നും ഐക്യരാഷ്ട്ര സഭ ഉപരോധത്തിൽ അറിയിച്ചിട്ടുണ്ട്.Related posts

Back to top