യുഡിഎഫുമായി ഇനി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് എന്‍.ജയരാജ് എം.എല്‍.എ

കോട്ടയം: മുന്നണിയില്‍ നിന്ന് പുറത്താക്കിയതു സംബന്ധിച്ച് യുഡിഎഫുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗം. യുഡിഎഫുമായി ഇനി ഒരു ചര്‍ച്ചയ്ക്കും പ്രസക്തി ഇല്ലെന്ന് എന്‍.ജയരാജ് എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മറ്റി യോഗം ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു വശത്ത് ചര്‍ച്ചകള്‍ നടത്തുകയും മറുവശത്ത് ഏകപക്ഷീയമായി കേരള കോണ്‍ഗ്രസ്സിനെ പുറത്താക്കുകയും ചെയ്ത നടപടി യുഡിഎഫ് രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണെന്നും വീണ്ടും ചര്‍ച്ച ചെയ്തു എന്ന് വരുത്തിത്തീര്‍ത്ത് അപമാനിക്കാനും അപഹാസ്യരാക്കാനുമുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ആത്മാര്‍ത്ഥത ഇല്ലാത്ത അത്തരം ശ്രമങ്ങള്‍ക്ക് നിന്നുകൊടുക്കാനാവില്ലെന്നും എന്‍ ജയരാജ് പറഞ്ഞു.

അതേസമയം, ജോസ് കെ മാണിയെ പുറത്താക്കിയശേഷം ചേരുന്ന ആദ്യ യുഡിഎഫ് യോഗം ഇപ്പോള്‍ പുരോഗമിക്കുകയാണ്. കേരള കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ജോസുമായി വീണ്ടും സമവായ ചര്‍ച്ച വേണമെന്ന അഭിപ്രായമാണ് കോണ്‍ഗ്രസിനുള്ളത്. യുഡിഎഫ് ആവശ്യപ്പെട്ടാല്‍ സമവായ ചര്‍ച്ചക്ക് തയ്യാറാണെന്ന് ലീഗും പറഞ്ഞ സാഹചര്യത്തില്‍ മുന്നണി എടുക്കുന്ന തീരുമാനം പ്രധാനമാണ്.

കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസപ്രമേയം തല്‍ക്കാലം വേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

Top