ശ്രേയസ് അയ്യര്‍ മുംബൈക്കായി രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കാന്‍ തയ്യാറാകാത്തതില്‍ നിഗൂഢത

ബെംഗളൂരു: ദേശീയ ക്രിക്കറ്റ് അക്കാഡമി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടും ഇന്ത്യന്‍ ക്രിക്കറ്റര്‍ ശ്രേയസ് അയ്യര്‍ മുംബൈക്കായി രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കാന്‍ തയ്യാറാകാത്തതില്‍ നിഗൂഢത. നടുവേദന ചൂണ്ടിക്കാട്ടി മുംബൈയുടെ മത്സരത്തില്‍ നിന്ന് ശ്രേയസ് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് എന്‍സിഎ അധികൃതരുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ദേശീയ ഡ്യൂട്ടിയോ പരിക്കോ അല്ലെങ്കില്‍ താരങ്ങള്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ബിസിസിഐയുടെ കര്‍ശന നിര്‍ദേശമാണ് ശ്രേയസ് അയ്യര്‍ ലംഘിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍ 35, 13, 27, 29 എന്നിങ്ങനെയായിരുന്നു മധ്യനിര ബാറ്ററായ ശ്രേയസ് അയ്യരുടെ സ്‌കോറുകള്‍. പരമ്പരയിലെ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമില്‍ ശ്രേയസിനെ ഉള്‍പ്പെടുത്തിയില്ല. ഈ സാഹചര്യത്തില്‍ പരിക്ക് ഇല്ലെങ്കില്‍ ശ്രേയസ് അയ്യര്‍ നിര്‍ബന്ധമായും മുംബൈക്കായി രഞ്ജി ട്രോഫി കളിക്കേണ്ടതാണ്. അതേസമയം നടുവേദന കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടെ പലതവണ ശ്രേയസ് അയ്യരെ വലച്ചിരുന്നു എന്നത് വസ്തുതയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതോടെ ഐപിഎല്‍ 2023 ഉം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പൈനലും താരത്തിന് നഷ്ടമായിരുന്നു. പിന്നീട് ശ്രേയസ് അയ്യര്‍ ഏഷ്യാ കപ്പ് 2023ലൂടെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും വീണ്ടും പരിക്കിന്റെ ലക്ഷണങ്ങള്‍ കണ്ടതോടെ പാകിസ്ഥാനെതിരായ കളി നഷ്ടമായി. ഫോമില്ലായ്മയുടെ പേരില്‍ ഏറെ പഴി കേട്ട ശ്രേയസ് അയ്യര്‍ മനപ്പൂര്‍വം രഞ്ജി ട്രോഫി കളിക്കാതിരിക്കുകയാണോ എന്ന ചോദ്യം ഇതോടെ ഉയരുകയാണ്. ഇന്ത്യന്‍ സീനിയര്‍ ടീമിലെയും എ ടീമിലെയും താരങ്ങള്‍ ദേശീയ ഡ്യൂട്ടിയിലോ പരിക്കിലോ അല്ലെങ്കില്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരിക്കണം എന്ന നിര്‍ദേശം ബിസിസിഐ സെക്രട്ടറി ജയ് ഷാ മുഴുവന്‍ താരങ്ങള്‍ക്കും അടുത്തിടെ നല്‍കിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ നാട്ടിലേക്ക് മടങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമിനൊപ്പം പിന്നീട് ചേരാത്തതിലും ജാര്‍ഖണ്ഡിനായി രഞ്ജി ട്രോഫി കളിക്കാത്തതിലും ബിസിസിഐയ്ക്ക് ശക്തമായ എതിര്‍പ്പുള്ള പശ്ചാത്തലത്തിലായിരുന്നു ജയ് ഷായുടെ കത്ത്. രഞ്ജി ട്രോഫിയില്‍ നിന്ന് മുങ്ങുന്ന താരങ്ങള്‍ കടുത്ത നടപടി നേരിടേണ്ടിവരും എന്ന് ബിസിസിഐ രേഖാമൂലം അറിയിച്ചിട്ടും ശ്രേയസ് എന്തുകൊണ്ട് മുംബൈക്കായി കളിക്കുന്നില്ല എന്ന ചോദ്യം പ്രസ്‌ക്തമാകുന്നത് ഈ സാഹചര്യത്തിലാണ്.

ഇംഗ്ലണ്ടിനെതിരെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ശേഷം ശ്രേയസ് അയ്യര്‍ സ്‌ക്വാഡില്‍ നിന്ന് മടങ്ങുകയായിരുന്നു. പരിക്ക് കാരണമാണ് ശ്രേയസ് ടീം വിട്ടത് എന്നും അതല്ല, ഫോമിലല്ലാത്ത താരത്തെ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി പുറത്താക്കിയതാണ് എന്നും വാര്‍ത്തകള്‍ വന്നിരുന്നു. ശ്രേയസ് അയ്യരുടെ കാര്യത്തില്‍ ഏറ്റവും പുതുതായി വരുന്ന വിവരം ഇതിലേറെ ഞെട്ടിക്കുന്നതാണ്. നടുവേദന കാരണം രഞ്ജി ട്രോഫിയില്‍ നിന്ന് മാറി നില്‍ക്കുമെന്ന് ശ്രേയസ് അയ്യര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷം ടീം ഇന്ത്യ വിട്ട ശ്രേയസിന് പരിക്കൊന്നും ഇല്ല എന്നും സെലക്ഷന് ലഭ്യമാണ് എന്നും എന്‍സിഎ മെഡിക്കല്‍ സംഘത്തിന്റെ തലവന്‍ നിതിന്‍ പട്ടേല്‍ സെലക്ടര്‍മാര്‍ക്ക് അയച്ച ഇ-മെയിലില്‍ പറയുന്നതായാണ് ദി ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ട്.

Top