Mystery in Kalabhavan many’s death

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് ഏതാനും സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു.രാസപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ പേരെ ചോദ്യം ചെയ്യും.

മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഔട്ട്ഹൗസ് കഴുകി വൃത്തിയാക്കിയതിനാല്‍ തെളിവുകള്‍ പലതും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും കെമിക്കല്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ യാഥാര്‍ത്ഥ്യം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

വിഷമയമായ നാടന്‍ ചാരായം കഴിച്ചതാണ് പെട്ടെന്നുള്ള മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതിനെ സാധൂകരിക്കുന്ന വിവരങ്ങളാണ് അമൃത ഹോസ്പിറ്റല്‍ അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുള്ളത്.

കരള്‍ രോഗബാധിതനായ മണിയോട് മദ്യപിക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നതാണെങ്കിലും ഏതാനും ദിവസങ്ങളായി വീടിനടുത്തുള്ള ഔട്ട്ഹൗസില്‍ സുഹൃത്തുക്കളുമായി ‘നല്ല പാര്‍ട്ടി’ കൂടിയിരുന്നു മണിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

ഇവിടെ വച്ച് ചോര വായില്‍ക്കൂടി പുറത്ത് വന്നതിനെ തുടര്‍ന്ന് സുഹൃത്തായ ഒരു സൈക്ക്യാട്രിസ്റ്റിനെ വിളിച്ച് വരുത്തിയിരുന്നു.ഇദ്ദേഹത്തിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അമൃത ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നത്. തനിക്ക് ഒന്നുമില്ലെന്നും ആശുപത്രിയില്‍ പോവേണ്ടതില്ലെന്നും ആദ്യം മണി ശഠിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

മരണം സംബന്ധിച്ച് ദുരൂഹത ഉയര്‍ന്ന സാഹചര്യത്തില്‍ പിഴവില്ലാത്ത അന്വേഷണത്തിനാണ് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

വ്യാജചാരായമാണ് മരണ കാരണമെങ്കില്‍ അത് എവിടെ നിന്നു ലഭിച്ചു? ആരാണ് വാറ്റിയത് എന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യാനാണ് നിര്‍ദ്ദേശം.

ചാരായ നിരോധനമുണ്ടായിട്ടും രഹസ്യവാറ്റുകള്‍ സംസ്ഥാനത്ത് പലയിടത്തും നടക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്.

ബാറുകള്‍ അടച്ച് പൂട്ടുക കൂടി ചെയ്തതോടെ വ്യാജ ചാരായ വില്‍പ്പന വര്‍ദ്ധിച്ചുവെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മണിയുടെ കെമിക്കല്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനും നിര്‍ണ്ണായകമാണ്.

Top