നടിമാരുടെ ഹാഷ് ടാഗ് ക്യാംപയിനില്‍ ദുരൂഹത. പിന്നില്‍ ആര് ? ഉദ്ദേശം എന്ത് ?

ടി ആക്രമിക്കപ്പെട്ട കേസില്‍ പ്രത്യേക വിചാരണക്കോടതിയില്‍ വിചാരണ പുരോഗമിക്കുകയാണ്. കേരളത്തെ നടുക്കിയ സംഭവമാണ് നടന്നിരിക്കുന്നത്. ഇതിലെ യഥാര്‍ത്ഥ കുറ്റവാളികള്‍ക്കുള്ള ശിക്ഷ വിധിക്കേണ്ടത് കോടതിയാണ്. അതല്ലാതെ ഏതെങ്കിലും താരങ്ങളല്ല. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗോടെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നവരുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടനയുടെ പേരിലാണ് ചില നടികളും തല്‍പ്പര കക്ഷികളും ക്യാംപയിനുമായി രംഗത്ത് വന്നിരിക്കുന്നത്. കോടതിയില്‍ വിചാരണ നടക്കുന്ന കേസില്‍ എന്ത് ഉദ്ദേശത്തിലാണ് ഇത്തരം ക്യാംപയിന്‍ നടത്തുന്നത് എന്നത് പരിശോധിക്കപ്പെടേണ്ട കാര്യം തന്നെയാണ്.

നടി ഭാമയും സിദ്ധിഖും ഉള്‍പ്പെടെയുള്ളവര്‍ മൊഴി തിരുത്തിയെന്നാണ് ആക്ഷേപം. നേരത്തെ നടിമാരായ രേവതി, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, പാര്‍വതി എന്നിവരും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. വിചാരണ വേളയില്‍ സാക്ഷികള്‍ എടുക്കുന്ന നിലപാടാണ് യഥാര്‍ത്ഥ മൊഴി എന്നത് പ്രതിഷേധക്കാര്‍ തിരിച്ചറിയണം. മൊഴി നല്‍കാന്‍ വരുന്നവരുടെ ‘സ്വാതന്ത്ര്യത്തില്‍’ ഇടപെട്ട് ‘ഹൈജാക്ക്’ ചെയ്യാന്‍ ശ്രമിക്കുന്നത് നിയമ വിരുദ്ധമാണ്. പൊലീസിന് മുന്‍പാകെ നല്‍കിയ മൊഴികളും പൊലീസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കൊടുക്കേണ്ടി വരുന്ന മൊഴികളും തിരുത്തിയ ചരിത്രം നിരവധി നമ്മുടെ മുന്നില്‍ തന്നെയുണ്ട്. നിരവധി കേസുകള്‍ ഇതിന് ഉദാഹരണങ്ങളാണ്. തെളിവുകളും മൊഴികളും പരിശോധിച്ച് വിധി പ്രഖ്യാപിക്കേണ്ടത് ജഡ്ജിയാണ്. അതല്ലാതെ താരങ്ങളല്ല.

എല്ലാ വശങ്ങളും പരിശോധിച്ച് കോടതി എടുക്കുന്ന തീരുമാനം അംഗീകരിക്കുകയാണ് വേണ്ടത്. വിയോജിപ്പുള്ളവര്‍ക്ക് മേല്‍ക്കോടതിയെ സമീപിക്കാനും അധികാരമുണ്ട്. അതാണ് ആവശ്യമെങ്കില്‍ പ്രയോജനപ്പെടുത്തേണ്ടത്. അതല്ലാതെ വിചാരണ നടക്കുമ്പോള്‍ വീണ്ടും കേസ് ചര്‍ച്ചയാക്കി വഴിതിരിച്ച് വിടാന്‍ ശ്രമിക്കരുത്. നടി ആക്രമിക്കപ്പെട്ട കേസിലെ സകല പ്രതികളും അറസ്റ്റിലാണ്. നടന്‍ ദിലീപ് ഗൂഢാലോചന നടത്തി എന്നത് പ്രോസിക്യൂഷന്റെ വാദമാണ്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുമാണ്. ഇക്കാര്യത്തില്‍ തെറ്റ് വന്നിട്ടുണ്ടെങ്കില്‍ അത് കോടതിയില്‍ ചൂണ്ടിക്കാണിക്കാനുള്ള അവകാശം ദിലീപിനുണ്ട്. ആരെയും ഭയക്കാതെ മൊഴി നല്‍കാനുള്ള സ്വാതന്ത്ര്യം ഭാമ ഉള്‍പ്പെടെ സകല താരങ്ങള്‍ക്കുമുണ്ട്. അത് അവര്‍ നിര്‍വ്വഹിക്കുന്നതിനെ നിങ്ങള്‍ എന്തിനാണ് എതിര്‍ക്കുന്നത് മാധ്യമ വാര്‍ത്തകളിലൂടെ ഒറ്റപ്പെടുത്തുമെന്ന ഭീഷണിയൊന്നും പുതിയ കാലത്ത് വിലപ്പോവുകയില്ല. അതും ഓര്‍ക്കുന്നത് നല്ലതാണ്.

യാഥാര്‍ത്ഥ്യം അതു മാത്രമാണ് കോടതിയില്‍ സാക്ഷിയാക്കപ്പെട്ടവര്‍ പറയേണ്ടത്. സാക്ഷികളെ സ്വാധീനിക്കാന്‍ ആര് ശ്രമിച്ചാലും അത് തെറ്റ് തന്നെയാണ്. ദിലീപിന് മേല്‍ ഇക്കാര്യം ആരോപിക്കുന്നവര്‍ പുതിയ ഹാഷ് ടാഗ് ക്യാംപയിനും വിലയിരുത്തണം. ഈ നടിമാരുടെ ഉദ്ദേശ ശുദ്ധിയും ചോദ്യം ചെയ്യപ്പെടണം. ഇവരുടെ പിന്നില്‍ ആരാണെന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്. ഇന്നുവരെ നടന്‍ ദിലീപ് താന്‍ പ്രതിയാക്കപ്പെട്ട കേസിനെ കുറിച്ച് ഒരക്ഷരം സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന് എന്താണ് പറയാനുള്ളത് എന്ന് അറിയാനുള്ള താല്‍പ്പര്യം ഇപ്പോഴും കേരളീയ സമൂഹത്തിനുണ്ട്. കോടതി വിധി പുറത്ത് വന്നു കഴിഞ്ഞാല്‍ ആ വിശദീകരണം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കോടതി കുറ്റക്കാരനായി വിധിക്കും വരെ ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്. ഇക്കാര്യവും വുമണ്‍ ഇന്‍ സിനിമ കളക്ടീവുകാര്‍ ഓര്‍ക്കണം.

അവന്‍ പ്രതിക്കൂട്ടിലാണ് എന്നു കരുതി ‘അവനൊപ്പം’ ആരും ഇല്ലെന്ന് മാത്രം കരുതരുത്. ദിലീപിനെ സ്‌നേഹിക്കുന്നവരെല്ലാം നിശബ്ദത പാലിക്കുന്നത് കോടതിയില്‍ വിശ്വാസം ഉള്ളത് കൊണ്ടാണ്. നിങ്ങളും ചെയ്യേണ്ടത് അതാണ്. ആര് കൂറ് മാറിയാലും കുറ്റവാളികള്‍ക്കെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. ആ വിശ്വാസം നടിമാര്‍ക്കും വേണം. അതേസമയം ‘തങ്ങള്‍’ ഉദ്ദേശിക്കുന്നവര്‍ പ്രതികളാകണമെന്ന് ആരും തന്നെ ഒരിക്കലും വാശി പിടിക്കരുത്. അതെല്ലാം കോടതിയുടെ മാത്രം അധികാര പരിധിയില്‍പ്പെടുന്ന കാര്യമാണ്. ഇക്കാര്യവും നല്ലപോലെ ഓര്‍മ്മ വേണം. വിചാരണ സമയത്ത് തെറ്റിധരിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ ഒരിക്കലും പ്രചരിപ്പിക്കാന്‍ പാടുള്ളതല്ല. അത് നടിമാര്‍ ചെയ്താലും തെറ്റു തന്നെയാണ്. ഇക്കാര്യത്തില്‍ ചല മാധ്യമങ്ങള്‍ക്കും വീഴ്ചകള്‍ പറ്റിയിട്ടുണ്ട്.

യഥാര്‍ത്ഥ വിധിയെഴുത്തിനെ ചാനല്‍ ‘വിധിയെഴുത്തുകാര്‍’ ഉറ്റുനോക്കുന്നത് സ്വഭാവികമാണ്. കേസുകളില്‍ മാധ്യമ വാര്‍ത്തകളല്ല തെളിവുകളാണ് നിര്‍ണ്ണായകമാകാന്‍ പോകുന്നത്.’അവള്‍ക്കൊപ്പം’ എന്ന ഹാഷ്ടാഗിലൂടെ പ്രതിഷേധമുയര്‍ത്തുന്ന നടിമാര്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ വാക്കുകളാണ് ഇതിനായി ഫെയ്‌സ് ബുക്കില്‍ നല്‍കിയിരിക്കുന്നത്. ‘എല്ലായിടത്തുമുള്ള നീതിക്ക് ഭീഷണിയാണ് എവിടെയെങ്കിലും ഉയര്‍ന്നു വരുന്ന അനീതിയെന്നാണ് ‘ ഈ വാക്കുകള്‍. ഇത് പ്രചരിപ്പിക്കുന്നവര്‍ ഒരു കാര്യം കൂടി ഓര്‍ക്കണം. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് നമ്മുടെ ക്രിമിനല്‍ നിയമത്തിലെ ആപ്തവാക്യം. ഇക്കാര്യവും ഒരിക്കലും മറന്നു പോകരുത്. അവള്‍ക്കൊപ്പം നിങ്ങള്‍ മാത്രമല്ല എല്ലാവരും ഉണ്ട്. യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്നത് മാത്രമാണ് ഇതിനു പിന്നിലെ താല്‍പ്പര്യം.

Top