മൈസൂരു സര്‍വകലാശാലയില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രം വിലക്കേര്‍പ്പെടുത്തി സര്‍ക്കുലര്‍

മൈസൂരു: മൈസൂരു കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ക്കായി കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് മൈസൂരു യൂണിവേഴ്‌സിറ്റി. വൈകീട്ട് 6.30 ന് ശേഷം പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്ന നിബന്ധനയാണ് യൂണിവേഴ്‌സിറ്റി പുറപ്പെടുവിച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കാണെന്നതാണ് ഇതിനായി പറയുന്ന കാരണം.

അതേസമയം ആണ്‍കുട്ടികള്‍ക്കായി യാതൊരുവിധ നിര്‍ദ്ദേശങ്ങളോ നിബന്ധനകളോ പുറപ്പെടുവിച്ചിട്ടില്ല. 6.30 ന് ശേഷം കുക്കരഹള്ളി തടാകത്തിന് സമീപത്തേക്ക് പെണ്‍കുട്ടികള്‍ പോകുന്നത് വിലക്കിയാണ് യൂണിവേഴ്‌സിറ്റി രജിസ്റ്റാര്‍ ഓര്‍ഡര്‍ ഇറക്കിയിരിക്കുന്നത്. സെക്യൂരിറ്റീ ജീവനക്കാര്‍ വൈകീട്ട് ആറ് മുതല്‍ രാത്രി 9 വരെ പ്രദേശം നിരീക്ഷിക്കണമെന്നും പട്രോള്‍ നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

വൈകീട്ട് 6.30 വരെ മാനസ ഗംഗോത്രി പ്രദേശത്ത് പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് പോയിരിക്കുന്നത് വിലക്കിയിരിക്കുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ എല്ലാ ദിവസവും വൈകീട്ട് ആറിനും ഒമ്പതിനും ഇടയില്‍ ദിവസവും പട്രോളിംഗ് നടത്തണം. – സര്‍ക്കുലറില്‍ വ്യക്തമാക്കി.

വിചനമായ സ്ഥലങ്ങളുള്ള, ഈ ക്യാംപസിലെ പെണ്‍കുട്ടികളെ കുറിച്ചുള്ള ആകുലത പൊലീസ് വകുപ്പ് ഉന്നയിച്ചതോടെയാണ് സര്‍ക്കുലര്‍ ഇറക്കിയതെന്ന് ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ ഓര്‍ഡറിനെ കുറിച്ച് കോളേജ് വൈസ് ചാന്‍സലര്‍ പറഞ്ഞു. വിചനമായ സ്ഥലത്തേക്ക് പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് പോകരുതെന്നതാണ് സര്‍ക്കുലറുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top