കൊച്ചുവേളി- ബെംഗലൂരു പ്രതിദിന എക്സ്പ്രസ്; ഉദ്ഘാടനം നാളെ

ബെംഗലൂരു: നാളെ മുതല്‍ കേരളത്തില്‍ നിന്നും മൈസൂരിലേക്കുള്ള പ്രതിദിന ട്രെയിന്‍ സര്‍വീസിന് തുടക്കമാകും. കൊച്ചുവേളി- ബെംഗലൂരു പ്രതിദിന എക്സ്പ്രസ് ട്രെയിന്‍ (1631516) നാളെ മൈസൂരുവില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. നേരത്തെ ഈ മാസം 26 ന് സര്‍വീസ് തുടങ്ങാനാണ് തീരുമാനിച്ചിരുന്നതെങ്കിലും, കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

പിന്നീട് ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതോടെയാണ്, ഉദ്ഘാടനം നാളെ നടത്താന്‍ ദക്ഷിണ പശ്ചിമ റെയില്‍വേ തീരുമാനിച്ചത്. രാവിലെ 10.15ന് മൈസൂരു റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗദി എന്നിവര്‍ ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്യും.

നേരത്തെ സംസ്ഥാനത്തെ നഗരങ്ങളില്‍ നിന്നും മൈസൂരുവിലേക്കു പോകണമെങ്കില്‍ ബസില്‍ യാത്രചെയ്യണമായിരുന്നു. അല്ലെങ്കില്‍ ബംഗളൂരുവില്‍ ട്രെയിനിറങ്ങി പാസഞ്ചര്‍ ട്രെയിനിനെ ആശ്രയിക്കണം. ഈ അവസ്ഥയ്ക്കാണ് മാറ്റം വരുന്നത്. നിലവിലുള്ള കൊച്ചുവേളി – ബംഗളൂരു ട്രെയിന്‍ 139 കിലോമീറ്റര്‍ അകലെയുള്ള മൈസൂരുവിലേക്ക് നീട്ടിയതോടെയാണ് ഇത് സാധ്യമായത്.

Top