mysoor 150 km new malayalam film

സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമകളുടെ ഭാഗമാവാറുള്ള നടി അനുമോള്‍ വീണ്ടും അത്തരത്തിലൊരു ചിത്രത്തില്‍ അഭിനയിക്കുന്നു. നവാഗതനായ തുഫയില്‍ സംവിധാനം ചെയ്യുന്ന മൈസൂര്‍ 150 കിലോമീറ്റര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് അനുമോളുടെ മറ്റൊരു വ്യത്യസ്ത വേഷപ്പകര്‍ച്ച.

മലബാറിലെ മുസ്ലീം സമുദായങ്ങളില്‍ കണ്ടുവരുന്ന അറബി കല്യാണം, മൈസൂര്‍ കല്യാണം, മാലി കല്യാണം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന കല്യാണമാണ് സിനിമയുടെ പ്രമേയം. പാവപ്പെട്ട മുസ്ലീം കുടുംബത്തിലെ പെണ്‍കുട്ടികള്‍ തന്നെക്കാള്‍ ഇരട്ടിയിലധികം വയസുള്ളവരെ വിവാഹം ചെയ്യേണ്ടി വരുന്നതും പിന്നീട് ഉപേക്ഷിക്കപ്പെടുകയോ ബന്ധം വേര്‍പെടുത്തേണ്ടിയോ വരുന്നതിനെ കുറിച്ചാണ് സിനിമ പറയുന്നത്.

നിലമ്പൂരിലെ എടക്കര എന്ന ഗ്രാമത്തിലാണ് സിനിമ ചിത്രീകരിക്കുക. ഇവിടെ നിന്ന് മൈസൂരിലേക്ക് 150 കിലോമീറ്റര്‍ ദൂരമാണുള്ളത്. അതിനാലാണ് സിനിമയ്ക്ക് മൈസൂര്‍ 150 കി.മീ എന്ന് പേരിട്ടതെന്ന് തുഫയില്‍ പറഞ്ഞു. ഒരു റോഡ് മൂവിയാണിത്. നായികയായ അനുമോളും അത്തരത്തിലൊരു സാഹചര്യത്തില്‍ മൈസൂരിലേക്ക് പോവേണ്ടി വരുന്ന കഥ ഫ്‌ളാഷ്ബാക്കില്‍ പറയുകയാണ് സംവിധായകന്‍.

സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്ന ജോളി ബാസ്റ്റിയണിന്റെ മകന്‍ അമിത് ജോളിയാണ് ചിത്രത്തില്‍ നായകനാവുന്നത്. അദിതി റോയ്, സുധീര്‍ കരമന, സുനില്‍ സുഖദ, ഇന്ദ്രന്‍സ്, സായികുമാര്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ജൂലായ് 15ന് നിലമ്പൂരിലും മൈസൂരിലുമായി സിനിമയുടെ ചിത്രീകരണം നടക്കും.

Top