ഡോ. സസയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി മ്യാന്മാർ പട്ടാളം

യാങ്കൂൺ: മ്യാൻമറിൽ അധികാരഭ്രഷ്ടരായ പാർലമെന്റംഗങ്ങൾ രൂപീകരിച്ച സമിതിയുടെ യുഎൻ പ്രതിനിധിയായി നിയോഗിക്കപ്പെട്ട ഡോ. സസയ്ക്കെതിരെ പട്ടാളം രാജ്യദ്രോഹക്കുറ്റം ചുമത്തി. ഓങ് സാൻ സൂ ചിയുടെ എൻഎൽഡി പാർട്ടിയിലെ പ്രമുഖനും ആക്ടിവിസ്റ്റുമായ ഡോ. സസ മ്യാൻമറിൽ നിസ്സഹകരണ ക്യാംപെയ്നു നേതൃത്വം നൽകിയെന്നും പട്ടാളഭരണാധികാരികൾക്കെതിരെ രാജ്യാന്തര ഉപരോധം ആവശ്യപ്പെട്ടെന്നുമാണ് ആരോപണം. ഡോ. സസ ഇപ്പോൾ വിദേശത്താണ്.മ്യാൻമറിലെ  ജനാധിപത്യ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ സംസ്കാരച്ചടങ്ങുകൾ ഇന്നലെ നടന്നു.

ഞായറാഴ്ച 74 പേരും തിങ്കളാഴ്ച 20 പേരുമാണു പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. ഇന്നലെ ഒരു മരണം. ഇതുവരെ ആകെ 184 പേർ കൊല്ലപ്പെട്ടു.പട്ടാള അട്ടിമറിക്കു പിന്നാലെ രാജ്യത്തു സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും മൂലം പട്ടിണി വ്യാപകമായേക്കാമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യൂഎഫ്പി) മുന്നറിയിപ്പു നൽകി. മ്യാ‍ൻമർ ജനതയ്ക്കു രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ വേണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു

Top