റോഹിങ്ക്യൻ സ്ത്രീ സമൂഹത്തെ മ്യാൻമർ സൈന്യം മൃഗീയമായി പീഡിപ്പിച്ചു ; ഹ്യൂമൻ റൈറ്റ്സ് വാച്ച്

rohingya

വാഷിംഗ്‌ടൺ : മ്യാൻമറിൽ ഇല്ലാതാകുന്ന മനുഷ്യാവകാശങ്ങളുടെ ഇരകളാണ് റോഹിങ്ക്യൻ ജനതകൾ.

റോഹിങ്ക്യൻ സ്ത്രീ സമൂഹം നേരിടേണ്ടി വന്ന ക്രൂരതകൾ വ്യക്തമാക്കി യു.എസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഹ്യൂമൻ റൈറ്റ്സ് വാച്ച് പുതിയ റിപ്പോർട്ട് പുറത്തിറക്കി.

മ്യാൻമർ സൈന്യം റോഹിങ്ക്യൻ സ്ത്രീകളെയും, പെൺകുട്ടികളെയും കൂട്ടബലാത്സംഗം ചെയ്തതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

മനുഷ്യത്വത്തിന് എതിരായ ക്രൂരതകളാണ് ഇവർ റോഹിങ്ക്യൻ സ്ത്രീ സമൂഹത്തോട് കാണിച്ചിരുന്നതെന്നും, ലൈംഗിക പീഡനം ഉൾപ്പെടെ ക്രൂരമായ പ്രവർത്തികൾ സൈന്യം ഇവരോട് പ്രവർത്തിച്ചിരുന്നുവെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് പറയുന്നു.

ബംഗ്ലാദേശിൽ റോഹിങ്ക്യന്‍ സ്ത്രീകൾ എത്തിച്ചേർന്നതിന്റെ പ്രധാനപ്പെട്ട കാരണം സൈന്യത്തിന്റെ ഈ പ്രവർത്തികളാണെന്ന് റൈറ്റ്സ് വാച്ച് സൂചിപ്പിക്കുന്നു.

ഇത്തരത്തിൽ അവരുടെ ക്രൂരതകളിൽ നിന്ന് രക്ഷപെട്ട് ബംഗ്ലാദേശിൽ എത്തിയ പെൺകുട്ടികളും, സ്ത്രീകളും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ബംഗ്ലാദേശ് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടുകളിലും, അഭിമുഖങ്ങളിലും റോഹിങ്ക്യന്‍ സ്ത്രീകൾ നേരിട്ട പ്രശ്നങ്ങൾ വ്യക്തമാക്കുന്നുണ്ട്.

റോഹിങ്ക്യന്‍ ജനതയെ അവിടെ നിന്നും തുടച്ചു നീക്കാൻ സൈന്യം കണ്ടെത്തിയ മാർഗത്തിൽ ഒന്നായിരുന്നു സ്ത്രീകളെയും , കുട്ടികളെയും ലൈംഗികമായി ഉപദ്രവിക്കുകയെന്നതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഗവേഷകനായ സ്കൈ വീലർ വിശദീകരിച്ചു.

ബർമീസ് സൈന്യത്തിന്റെ ക്രൂരമായ അതിക്രമങ്ങളിൽ എണ്ണമറ്റ സ്ത്രീകളും പെൺകുട്ടികളും മൃഗീയമായി ഉപദ്രവിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരത്തിൽ ഇരകളായവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് സൈനികർ സ്ത്രീകളെയും, പെൺകുട്ടികളെയും കൂട്ടബലാത്സംഗത്തിനാണ് ഇരയാക്കിയിരുന്നത്.

ചില കേസുകളിൽ പെൺകുട്ടികൾ പറയുന്നതനുസരിച്ച് മ്യാൻമർ സൈന്യം ക്രൂരതയുടെ മറ്റൊരു മുഖമാണെന്ന് തിരിച്ചറിയാൻ കഴിയുമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് അംഗം ചൂണ്ടിക്കാട്ടി.

കുടുംബത്തിലുള്ള എല്ലാവരെയും സൈന്യം കൊലപ്പെടുത്തുന്നത് കണ്ടുവെന്നും, തുടർന്ന് സൈന്യം തന്നെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ഇരകളിൽ ഒരാൾ പറഞ്ഞു.

നടക്കാൻ പോലും കഴിയാത്ത വിധത്തിൽ സൈന്യം ഉപദ്രവിച്ചതായും അവിടെ നിന്ന് ബംഗ്ലാദേശിലേയ്ക്ക് രക്ഷപ്പെടുമ്പോൾ വേദന നിറഞ്ഞ നാളുകളായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

സൈന്യം ഗ്രാമത്തിനുള്ളിൽ എത്തുകയും തുടർന്ന് താൻ ഉൾപ്പെടെയുള്ള ഇരുപതോളം സ്ത്രീകളെ കുന്നിൻ ചെരുവിൽ കൊണ്ടുപോയി ബന്ദിയാക്കിയതിന് ശേഷം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് 33കാരിയായ മംതാസ് യൂനിസ് പറഞ്ഞതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വടക്കൻ റഖീനിലെ 19 ഗ്രാമങ്ങളിൽ നിന്നുള്ള 52 റോഹിങ്ക്യന്‍ സ്ത്രീകളുടെയും ,പെൺകുട്ടികളുടെയും അനുഭവങ്ങൾ ഉൾപ്പെടുത്തിയാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്.

ഇതിൽ 29 പേർ ബലാത്സംഗത്തിന് ഇരയായവരാണ്, 3 പേർ പതിനെട്ട് വയസിന് താഴെ ഉള്ളവരാണ്.

മ്യാൻമർ നടത്തുന്ന വംശീയ ശുദ്ധീകരണത്തിന്റെ ഇരകളാണ് റോഹിങ്ക്യൻ അഭയാർത്ഥികൾ.

മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് റോഹിങ്ക്യകൾക്ക് നേരെ നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം 6,00,000 റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ എത്തിച്ചേർന്നിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തിൽ ഈ വിഷയത്തിൽ മ്യാൻമറിന് നിരവധി ആരോപണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്നും അനധികൃതമായി കുടിയേറ്റം ചെയ്തതായി ബുദ്ധമത ജനങ്ങൾ കരുതിപ്പോരുന്ന റോഹിങ്ക്യ കുടുംബങ്ങൾ തലമുറകളായി മ്യാൻമറിൽ ജീവിച്ചിരുന്നവരാണ്.

റിപ്പോർട്ട് : രേഷ്മ പി എം

Top