രോഹിന്‍ഗ്യന്‍ വംശഹത്യ തടയണം; മ്യാന്‍മാറിനോട് രാജ്യാന്തര കോടതി

ഹേഗ്: രോഹിന്‍ഗ്യന്‍ വംശഹത്യ തടയാന്‍ മ്യാന്‍മാര്‍ ഭരണകൂടം സാധ്യതമായതെല്ലാം ചെയ്യണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ രാജ്യാന്തര നീതിന്യായ കോടതി ഉത്തരവിട്ടു. വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കവെയായിരുന്നു ഹേഗിലെ കോടതിയുടെ ഉത്തരവ്.

കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി എന്തെല്ലാം നടപടികളെടുത്തു എന്നതിനെപ്പറ്റി നാലു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും രാജ്യാന്തര കോടതി പ്രസിഡന്റായ ജഡ്ജി അബ്ദുല്‍ഖ്വാവി അഹമ്മദ് യൂസഫ് നിര്‍ദേശിച്ചു.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയാണു മ്യാന്‍മറിലെ വംശഹത്യ സംബന്ധിച്ച വിഷയം രാജ്യാന്തര കോടതിയില്‍ ഉന്നയിച്ചത്. ഒരു മണിക്കൂറോളം നീണ്ട വാദപ്രതിവാദം കേട്ടശേഷമാണു കോടതിയുടെ തീരുമാനം.

കേസുകളുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കരുതെന്നു സൈന്യത്തോടു നിര്‍ദേശിച്ച കോടതി, ആറു മാസം കൂടുമ്പോള്‍ നടപടികളുടെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറണമെന്ന് മ്യാന്‍മറിലെ ആങ് സാങ് സ്യൂക്കി ഭരണകൂടത്തോടു നിര്‍ദേശിച്ചു. രോഹിന്‍ഗ്യകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ശക്തമായ നടപടിയാണിതെന്നു ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ പരംപ്രീത് സിങ് പറഞ്ഞു.

Top