റോയിറ്റേഴ്‌സിന്റെ രണ്ട് മാധ്യമപ്രവര്‍ത്തകരെ മ്യാന്‍മര്‍ ജയിലില്‍നിന്നും പൊതുമാപ്പ് നല്‍കി വിട്ടയച്ചു

നായ്പിഡോ: മ്യാന്‍മര്‍ ജയിലില്‍ അടച്ച റോയിറ്റേഴ്‌സിന്റെ രണ്ട് മാധ്യമപ്രവര്‍ത്തകരെ പ്രസിഡന്റ് പൊതുമാപ്പ് നല്‍കി വിട്ടയച്ചു. പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാക്കളായ വാ ലോണ്‍, ക്യാവ് സോ ഊ എന്നിവരെയാണ് വിട്ടയച്ചത്. മ്യാന്‍മറിലെ പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി തടവുപുള്ളികളെ പൊതുമാപ്പ് നല്‍കി വിട്ടയക്കുന്നതിന്റെ ഭാഗമായാണ് ഇവരെയും വിട്ടയച്ചത്.

ഔദ്യോഗിക രഹസ്യം സൂക്ഷിക്കല്‍ നിയമം ലംഘിച്ച കുറ്റത്തിന് സെപ്റ്റംബറിലാണ് ഇരുവരെയും ഏഴു വര്‍ഷം തടവിന് മ്യാന്‍മര്‍ കോടതി ശിക്ഷിച്ചത്. മ്യാന്‍മറിലെ റാഖൈനില്‍ രോഹിംഗ്യന്‍ മുസ്ലിംകള്‍ക്ക് നേരെയുണ്ടായ സൈനിക അതിക്രമങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇവരെ 2017 ഡിസംബറില്‍ അറസ്റ്റ് ചെയ്തത്.

Top