മിസ് യൂണിവേഴ്സ് വേദിയിൽ വേറിട്ട ശബ്ദമുയർത്തി മ്യാന്മർ മത്സരാര്‍ഥി

മ്യാന്മര്‍ സൈന്യം രാജ്യത്ത് പൗരാവകാശങ്ങള്‍ അടിച്ചമര്‍ത്തി കിരാതഭരണം തുടരുകയാണ്. ഇതിനിടെയാണ് മിസ് യൂണിവേഴ്സ് വേദിയിൽ വേറിട്ട ശബ്ദമുയര്‍ത്തി മ്യാന്മറിൽ നിന്നുള്ള മത്സരാര്‍ഥി തുസര്‍ വിന്ത് ല്വൻ  മുന്നോട്ട് വന്നത്. മ്യാൻമര്‍ ജനത നേരിടുന്ന യാതനകളെപ്പറ്റിയാണ് ആഗോളവേദിയിൽ തുസര്‍ ശബ്ദമുയര്‍ത്തിയത്.

ഫെബ്രുവരി ഒന്നിനു അട്ടിമറിയിലൂടെ രാജ്യത്തിൻ്റെ ഭരണം പിടിച്ചെടുത്ത സൈന്യം രാജ്യത്തെ ഉന്നത നേതാക്കളെയെല്ലാം ജയിലിലാക്കുകയായിരുന്നു. ഇതിനു ശേഷം നടന്ന ഏറ്റുമുട്ടലിൽ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.

രാജ്യത്ത് സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ തുസര്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികളും താരങ്ങളും സോഷ്യൽ മീഡിയയിലെ പ്രമുഖരും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. സന്നദ്ധസംഘടനകളുടെ കണക്ക് പ്രകാരം ഇതുവരെ രാജ്യത്ത് 790 പേര്‍ സൈന്യത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 5000ത്തിലധികം പേര്‍ അറസ്റ്റിലാകുകയും സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരെ സൈന്യം തടവിലാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയിലാണ് മ്യാന്മര്‍ സൈന്യത്തിനെതിരെ മിസ് യൂണിവേഴ്സ് മത്സരാര്‍ഥിയുടെ പ്രതിഷേധം.

Top