മ്യാന്‍മർ സൈന്യത്തിന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ

ന്യൂയോർക്ക്: മ്യാൻമർ സൈനിക ഭരണകൂടത്തിന് ശക്തമായ മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. ജനാധിപത്യം പുന: സ്ഥാപിക്കാനായി മ്യാൻമറിലെ ജനത ജീവൻമരണപോരാട്ടമാണ് നടത്തുന്നത്. അവർക്കെതിരായ എല്ലാ അക്രമണങ്ങളും ഉടൻ നിർത്തണമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മുന്നറിപ്പ്. ആസിയാൻ രാജ്യങ്ങളുടെ സമ്മേളനത്തിലാണ് മ്യാൻമറിലെ വിഷയം അതീവഗൗരവതരമെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്.

മ്യാന്മറിലെ അവസ്ഥ അക്ഷരം പ്രതി ജീവന്മരണ പോരാട്ടമാണ്. ജനാധിപത്യത്തിനായാണ് സമരം നടക്കുന്നത്. മരണഭയമില്ലാതെ ജനങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. വീട്ടുതടങ്കലിലാക്കിയ എല്ലാ രാഷ്ട്രീയ നേതാക്കളേയും ഉടൻ മോചിപ്പിക്കണമെന്നും സഭ ആസിയാൻ പ്രതിനിധികളുടെ സമ്മേളനത്തിൽ നിർദ്ദേശിച്ചു.

ഫെബ്രുവരി ഒന്നിനാണ് സൈനിക അട്ടിമറി നടന്നത്. ജുന്റാ എന്നപേരിൽ അറിയപ്പെടുന്ന മ്യാൻമർ സൈന്യത്തിന്റെ മേധാവി മിൻ ആംഗ് ഹ്ലായിംഗ് ജനകീയ നേതാവും മുൻ ഭരണാധികാരിയുമായ ആംഗ് സാൻ സൂകിയെ വീട്ടുതടങ്കലിലാക്കിയത്.

മികച്ച ഭൂരിപക്ഷത്തോടെ തെരഞ്ഞെടുപ്പിൽ ജയിച്ച് ഭരണതുടർച്ചയ്ക്ക് ഒരുങ്ങുമ്പോഴാണ് പട്ടാള അട്ടിമറി നടന്നത്. സൈനിക ഭരണത്തിന് എതിരെ ജനകീയ പ്രതിഷേധം രൂക്ഷമായതോടെ അതിക്രൂരമായ നടപടികളാണ് ജുന്റ എടുത്തത്. ഇതുവരെ 750 പേരെയാണ് വെടിവെച്ച് കൊന്നത്. 3500ലധികം പേർ തടവിലാക്കപ്പെട്ടിരിക്കുകയാണ്.

Top