മ്യാൻമറിൽ ജീവകാരുണ്യ പ്രവർത്തകനെ തീ കൊളുത്തി കൊന്നു

യാങ്കൂൺ: മ്യാൻമറിൽ പട്ടാള ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നൽകിയ സാംസ്‌കാരിക പ്രവർത്തകനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു. കവിയും ജീവകാരുണ്യപ്രവർത്തകനും മുതിർന്ന രാഷ്ട്രീയ പ്രവർത്തകനുമായ സെയിൻ വിൻ ആണ് കൊല്ലപ്പെട്ടത്. പട്ടാള അട്ടിമറിക്ക് പിന്നാലെ സജീവ പ്രതിഷേധങ്ങൾ നടന്ന സാംഗ്യാങ് മേഖലയിലെ മൊണീവയിലാണ് സംഭവം. സൈനിക ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന നാഷണൽ ലീഗ് ഫോർ ഡെമോക്രസിയുടെ സജീവ അനുയായി ആയിരുന്നു അറുപതുകാരനായ സെയിൻ വിൻ.

സൈനിക നടപടിയെ തുടർന്ന് വീട് വിട്ടൊഴിഞ്ഞവരെ സഹായിക്കാൻ ധനശേഖരണം നടത്തുന്നതിലും വീടുകൾ കയറി ക്യാമ്പെയ്ൻ സംഘടിപ്പിക്കുന്നതിലും നേതൃത്വം നൽകിയ വ്യക്തിയാണ് സെയിൻ വിൻ. ഈ പ്രവർത്തനങ്ങൾക്കിടെയാണ് അജ്ഞാതരായ അക്രമികൾ പെട്രോൾ തലയിലൂടെ ഒഴിച്ച് തീ കൊളുത്തിയതെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. അക്രമികളോട് പിന്തിരിയാൻ ആവശ്യപ്പെട്ട് ഇവർ ബഹളം കൂട്ടിയെങ്കിലും അവർ തയ്യാറായില്ല.

ഗുരുതരമായി പൊളളലേറ്റ സെയിൻ വിന്നിനെ മൊണീവയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശരീരമാസകലം ഇദ്ദേഹത്തിന് പൊളളലേറ്റിരുന്നു. പട്ടാള ഭരണകൂടമാണ് ഇതിന് പിന്നിലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

 

Top