റോഹിങ്ക്യന്‍ വിഷയം:മ്യാന്‍മര്‍ സര്‍ക്കാരിനെതിരായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി

ബംഗ്ലാദേശ്: മ്യാന്‍മര്‍ സര്‍ക്കാരിനെതിരായി വീണ്ടും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി. റോഹിങ്ക്യന്‍ മുസ്ലീങ്ങളെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയതിനെ കുറിച്ച് അന്വേഷിക്കുമെന്ന് കോടതി പറഞ്ഞു.

കേസ് ചാര്‍ജ് ചെയ്യാന്‍ ആവശ്യമായ തെളിവുകളുണ്ടോയെന്ന് പ്രോസിക്യൂട്ടര്‍ ഫതോ ബെന്‍സൗദ അന്വേഷിക്കും. മ്യാന്‍മര്‍ ഹേഗ് ആസ്ഥാനമായുള്ള കോടതിയില്‍ അംഗമല്ലെങ്കിലും ബംഗ്ലാദേശിന് അംഗത്വമുണ്ട്. അനധികൃതമായ നാടുകടത്തലും, നിയമ നടപടികളുടെ പരിധിയില്‍ വരും. മ്യാന്‍മര്‍ സൈന്യം റോഹിങ്ക്യന്‍ ജനതയ്‌ക്കെതിരെ വംശഹത്യ നടത്തിയതായി ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര ഏജന്‍സി കണ്ടെത്തിയിരുന്നു.

മുസ്ലീം സ്ത്രീകളെ വ്യാപകമായി ബലാത്സംഗം ചെയ്തതായും ഏജന്‍സി കണ്ടെത്തി. കമാന്‍ഡര്‍ ഇന്‍ ചീഫ് ഉള്‍പ്പെടെയുള്ള സൈനിക തലവന്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് ഏജന്‍സി ആവശ്യപ്പെട്ടിരുന്നു. ഏഴ് ലക്ഷത്തോളം റോഹിങ്ക്യന്‍ മുസ്ലീങ്ങളാണ് സൈന്യത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്ക് ഇരയാക്കപ്പെട്ടത്. ഇവര്‍ ഇപ്പോഴും അഭയാര്‍ഥി ക്യാമ്പുകളിലാണ് കഴിയുന്നത്. വംശഹത്യയെന്ന ആരോപണത്തെ തള്ളുകയാണ് മ്യാന്‍മര്‍ സര്‍ക്കാരും സൈന്യവും.

Top