മ്യാന്‍മറിലെ സൈനിക അട്ടിമറിയില്‍ ഇന്ത്യ നിലപാട് ശക്തമാക്കണം; സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: മ്യാന്‍മറിലെ സൈനിക അട്ടിമറിയില്‍ ഇന്ത്യ നിലപാട് ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ജനാധിപത്യം തകരുന്നത് ഇന്ത്യ ഗൗരവമായി എടുക്കണം. മനുഷ്യാവകാശങ്ങളെ ബാധിക്കുന്നത് കൊണ്ട് തന്നെ അതൊരു ആഭ്യന്തര കാര്യമായി മാത്രം പരിഗണിക്കാനാവില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

”മ്യാന്‍മറില്‍ ജനാധിപത്യം തകര്‍ന്നത് ഇന്ത്യയ്ക്ക് അംഗീകരിക്കാന്‍ സാധിക്കില്ല. കേന്ദ്ര സര്‍ക്കാര്‍ ഉറച്ച നിലപാടെടുക്കണം. ജനാധിപത്യത്തെ ശിഥിലമാക്കുന്നത് ആഭ്യന്തര വിഷയമായി മാത്രം എടുക്കാന്‍ കഴിയില്ല. എന്തെന്നാല്‍ അത് മനുഷ്യാവകാശത്തെയും ബാധിക്കുന്നതാണ്. അന്താരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് യു.എന്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്,” സുബ്രഹ്മണ്യന്‍ സാമി ട്വിറ്ററില്‍ എഴുതി.

ഇതിന് പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തെ വിമര്‍ശിച്ച് മുന്നോട്ട് വന്നത്. നേപ്പാളിനെക്കുറിച്ചും ശ്രീലങ്കെയെക്കുറിച്ചും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ പറഞ്ഞത് പോലെ മ്യാന്‍മറിനെ ഒരു പ്രത്യേക സംസ്ഥാനമായി ഇന്ത്യയ്ക്ക് കാണാമെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയോട് ഒരാള്‍ പറഞ്ഞത്. എന്നാല്‍ അത് മ്യാന്‍മറിലെ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടില്ല എന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ മറുപടി.

ഇന്ത്യയില്‍ തന്നെ ജനാധിപത്യം വലിയ പ്രതിസന്ധിയിലൂടെയാണ് പോകുന്നത്. അങ്ങനെ നില്‍ക്കുമ്പോള്‍ ഇന്ത്യയ്ക്ക് വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ല. കാരണം, അപ്പോള്‍ അന്താരാഷ്ട്ര സമൂഹം നമുക്കുമേല്‍ വിരല്‍ ചൂണ്ടുമെന്ന് മറ്റൊരാള്‍ പ്രതികരിച്ചു.

മ്യാന്‍മറിലെ പട്ടാള അട്ടിമറിക്കെതിരെ സംയുക്ത പ്രസ്താവന അംഗീകരിക്കുന്നതില്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പരാജയപ്പെട്ടിരുന്നു. മ്യാന്‍മറിന്റെ പ്രധാന സഖ്യകക്ഷിയും യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരാംഗവുമായ ചൈന വിട്ടുനിന്നതിനെ തുടര്‍ന്നാണ് സംയുക്ത പ്രസ്താവന ഇറക്കാന്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന് സാധിക്കാതിരുന്നത്.

Top