റോഹിങ്ക്യൻ അഭയാർത്ഥികൾ മടങ്ങുന്നു ; അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നുവെന്ന് മ്യാൻമർ

Rohingya

യാങ്കൂൺ: മ്യാൻമറിലെ വംശീയ കലാപം ഭയന്ന് ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യന്‍ ജനതകളെ തിരികെ സ്വീകരിക്കുന്ന നീക്കങ്ങൾ ഊർജിതമാക്കി മ്യാൻമർ. തിരികെയെത്തുന്ന അഭയാർഥികളുടെ ആദ്യസംഘത്തെ സ്വീകരിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് മ്യാൻമർ അറിയിച്ചു.

മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം ഏഴരലക്ഷത്തോളം റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ എത്തിച്ചേർന്നിട്ടുണ്ടായിരുന്നു. ഇവരെയാണ് ബംഗ്ലാദേശ് മ്യാൻമറിലെയ്ക്ക് തിരികെ അയക്കുന്നത്. മ്യാൻമറിന് ആഗോളതലത്തിൽ നിന്ന് നേരിടേണ്ടി വന്ന സമ്മർദം കാരണം നവംബറിൽ റോഹിങ്ക്യകളെ തിരികെ സ്വീകരിക്കുന്നതിന് ബംഗ്ലാദേശുമായി കരാറിൽ ഒപ്പുവെച്ചിരുന്നു.

അഭയാർ‌ഥികളെ ഈ മാസം 23 മുതൽ തിരിച്ചയയ്ക്കാനും അവരെ മ്യാൻമറിൽ പുനരധിവസിപ്പിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചിരുന്നു. ഇവരെ പുനരധിവസിപ്പിക്കാനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. ഇവർക്കായി നിർമ്മിക്കുന്ന കെട്ടിടങ്ങളുടെയും ആശുപത്രികൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെയും അവസാനഘട്ട പണികളാണ് ഇപ്പോൾ നടക്കുന്നതെന്ന് മ്യാന്‍മറിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ ബംഗ്ലാദേശിൽ നിന്ന് റോഹിങ്ക്യന്‍ ജനതകളെ തിരിച്ചയക്കുമ്പോൾ സ്വന്തം ഇഷ്ടപ്രകാരം മാതൃരാജ്യത്തേക്ക് മടങ്ങാൻ താൽപര്യമുള്ളവരെ മാത്രം മടക്കി അയച്ചാൽ മതിയെന്നാണ് ഐക്യരാഷ്ട്ര സഭ അറിയിച്ചിരിക്കുന്നത്. മാത്രമല്ല മ്യാൻമറിലെയ്ക്ക് തിരികെ പോകുന്നതിന് റോഹിങ്ക്യൻ ജനങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

ഇരു രാജ്യങ്ങളുമായുള്ള നിലവിലെ കരാർ പ്രകാരം അതിർത്തിയിൽ ബംഗ്ലദേശ് അഞ്ച് താൽക്കാലിക കേന്ദ്രങ്ങൾ നിർമ്മിച്ച് റോഹിങ്ക്യന്‍ ജനതകളെ അവിടെ എത്തിക്കുകയും, തുടർന്ന് പല സംഘങ്ങളായി അവരെ അതിർത്തിയിൽ മ്യാൻമർ‌ സജ്ജീകരിക്കുന്ന രണ്ടു കേന്ദ്രങ്ങളിലേക്കു മാറ്റും. ഇവിടെനിന്നു റാഖൈൻ പ്രവിശ്യയിലെ മൗങ്ഡോ ജില്ലയിൽ താൽക്കാലികമായി പുനരധിവസിപ്പിക്കും. പിന്നീട് അവരുടെ ആദ്യ വാസസ്ഥലങ്ങളിൽ സ്ഥിരമായി പാർപ്പിക്കും.

റോഹിങ്ക്യന്‍ ജനതകളെ തിരിച്ചയക്കുന്ന ആദ്യത്തെ ബാച്ചിൽ 100,000 അഭയാര്‍ത്ഥികളെ ഉൾപ്പെടുത്താനാണ് ബംഗ്ലാദേശ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കലാപം ഭയന്ന് ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യന്‍ ജനതകളെ രണ്ടുവർഷത്തിനുള്ളിൽ തിരികെ സ്വീകരിക്കാമെന്ന മ്യാൻമറിന്റെ കരാർ കഴിഞ്ഞ ദിവസം ബംഗ്ലാദേശ് സർക്കാർ അംഗീകരിച്ചിരുന്നു.

വീടുകളുടെ നിർമ്മാണം പൂർത്തിയാകുന്നത് മുൻപ് തിരികെ എത്തുന്നവർക്ക് മ്യാൻമർ ഭരണകുടം താത്കാലിക അഭയ കേന്ദ്രങ്ങളാണ് നൽകുന്നത്, അതിനാലാണ് രണ്ട് വർഷത്തിനുളളിൽ ഇവരെ പൂർണമായി സ്വീകരിക്കുമെന്ന് മ്യാൻമർ വ്യക്തമാക്കിയത്.

Top