റോഹിങ്ക്യകള്‍ക്കെതിരായ അക്രമം; ഓങ് സാങ് സൂകിക്ക് നല്‍കിയ പുരസ്‌ക്കാരം പിന്‍വലിച്ചു

aungsang

വാഷിങ്ടണ്‍:റോഹിങ്ക്യകള്‍ക്കെതിരെ മ്യാന്‍മര്‍ സേന നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ച് ഓങ് സാങ് സൂകിക്ക് നല്‍കിയ എലി വീസല്‍ പുരസ്‌കാരം പിന്‍വലിച്ചു. യു.എസ് ഹോളോകോസ്റ്റ് മെമ്മോറിയല്‍ മ്യൂസിയം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ അവാര്‍ഡാണ് പിന്‍വലിച്ചത്. 2012-ലാണ് സൂചിക്ക് യു.എസ് മ്യൂസിയം പുരസ്‌കാരം സമ്മാനിച്ചത്.

റോഹിങ്ക്യന്‍ വിഷയത്തില്‍ നിരവധി ലോകനേതാക്കള്‍ പ്രതികരിച്ചിട്ടും തന്റെ അധികാരമോ സാമൂഹിക പ്രതിബദ്ധതയോ സ്യൂചി പ്രകടിപ്പിച്ചില്ലെന്ന് അവാര്‍ഡ് കമ്മിറ്റി പറഞ്ഞു. 2016 മുതല്‍ റോഹിങ്ക്യന്‍ വംശജര്‍ക്ക് നേരെ നടന്ന അക്രമങ്ങളുടെ കണക്കുകള്‍ പരിശോധിച്ച ശേഷമാണ് മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലറായ സ്യൂചിക്ക് നല്‍കിയ പുരസ്‌കാരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യന്‍ വംശജര്‍ക്ക് നേരെ മ്യാന്‍മര്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വംശീയാക്രമണത്തെ തുടര്‍ന്ന് ഏഴു ലക്ഷം പേരാണ് ഇതുവരെ പലായനം ചെയ്തത്.

രാജ്യത്തിലെ പട്ടാള ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ 15 വര്‍ഷം വീട്ട്തടങ്കലില്‍ കഴിയേണ്ടി വന്ന ഓങ് സാങ് സ്യൂചിയെ സൗത്ത്ആഫ്രിക്കന്‍ നേതാവ് നെല്‍സണ്‍ മണ്ഡേലയോടാണ് പലരും ഉപമിച്ചിരുന്നത്. 1991-ല്‍ നോബേല്‍ പുരസ്‌കാരം നല്‍കിയാണ് ലോകം അവരെ ആദരിച്ചത്. 2015ലാണ് സ്യൂചി മ്യാന്‍മര്‍ സ്‌റ്റേറ്റ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്.

Top