മ്യാന്‍മര്‍ സൈന്യം റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് നേരെ നടത്തിയത് നരനായാട്ടെന്ന് ആംനെസ്റ്റി

rohingya

ന്യൂയോര്‍ക്ക്: ആയിരക്കണക്കിന് റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ മ്യാന്‍മര്‍ സൈന്യം വധിച്ചെന്ന് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍.

സംഘടന പുറത്തു വിട്ട പുതിയ റിപ്പോര്‍ട്ടിലാണ് മ്യാന്‍മര്‍ സൈന്യത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

മ്യാന്‍മറിലെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് നേരെ ആസൂത്രിതവും ഏകപക്ഷീയവുമായ ആക്രമണവും നരനായാട്ടുമാണ് നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തര റാഖീന്‍ പ്രവിശ്യയിലായിരുന്നു പ്രധാനമായും ആക്രമങ്ങള്‍ അരങ്ങേറിയത്. റോഹിംഗ്യകള്‍ക്കെതിരെ ആസൂത്രിതമായി പ്രചരണം നടത്തുകയും അതിന്റെ മറവില്‍ സുരക്ഷാസേനകള്‍ നരനായാട്ട് നടത്തുകയുമായിരുന്നു. മുഴുവന്‍ റോഹിംഗ്യകളേയും രാജ്യത്ത് നിന്ന് ഓടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആക്രമങ്ങള്‍ നടന്നത്.

മ്യാന്‍മറിലെ മുപ്പത്തോളം സൈനിക ഔട്ട് പോസ്റ്റുകള്‍ക്ക് നേരെ ഓഗസ്റ്റ് 25-ന് ആക്രമണം നടന്നിരുന്നു. ഇതിന്റെ പേരില്‍ റോഹിംഗ്യന്‍ വംശജരെ ഒന്നടക്കം ലക്ഷ്യം വച്ച് സുരക്ഷാ സേനകള്‍ നീങ്ങുകയായിരുന്നു.

ആഗസ്റ്റ് മുപ്പതിന് റാഖിന്‍ മേഖലയില്‍ നടന്ന ആക്രമണങ്ങളില്‍ 288 ഗ്രാമങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ നശിച്ചെന്നാണ് ഉപഗ്രഹചിത്രങ്ങള്‍ വിശകലനം ചെയ്ത് ആനെംസ്റ്റി ആരോപിക്കുന്നത്.

ഗ്രാമങ്ങളിലേക്ക് ഇരച്ചുകയറിയ സൈന്യം ആളുകളെ ബന്ദികളാക്കി പുരുഷന്‍മാരേയും മുതിര്‍ന്ന ആണ്‍കുട്ടികളേയും വെടിവെച്ചു കൊന്നു.
പിന്നീട് സ്ത്രീകളെ ക്രൂരമായി മര്‍ദ്ദിച്ചു, കൊള്ളയടിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. ബംഗ്ലാദേശിലേക്ക് കുടിയേറിയ അഭയാര്‍ഥികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

തങ്ങള്‍ അഭിമുഖം ചെയ്ത പല സ്ത്രീകളുടേയും ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ ആംനെസ്റ്റി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തന്റെ രണ്ട് വയസ്സുള്ള മകനെ ശക്തിയേറിയ മരക്ഷണം കൊണ്ട് അടിച്ചു കൊന്ന സംഭവം ഒരു മാതാവ് വിവരിക്കുന്നതടക്കം ഞെട്ടിക്കുന്ന സംഭവങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

ഗ്രാമങ്ങള്‍ക്ക് സൈന്യം കൂട്ടത്തോടെ തീയിടുകയായിരുന്നുവെന്നും പലര്‍ക്കും തിരിച്ചു ചെല്ലാന്‍ ഒരു നാട് പോലുമില്ലാതെയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ ഇവരെ സഹായിച്ച സാമൂഹ്യപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, ബാംഗ്ലാദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ നേരില്‍ കണ്ട് ശേഖരിച്ച വിവരങ്ങള്‍ വച്ചാണ് ആംനെസ്റ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

Top