ഇന്ത്യ-ചൈന സംഘര്‍ഷം കുറയ്ക്കാന്‍ എന്റെ വിജയബെല്‍റ്റുകള്‍ തിരിച്ച് നല്‍കാം ; വിജേന്ദര്‍

മുംബൈ : അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന തര്‍ക്കം മുറുകുന്നതിനിടെ ബോക്‌സിങ് റിങ്ങില്‍ നടന്ന ഇന്ത്യ-ചൈന പോരാട്ടം ഏറെ ശ്രദ്ധേയമായിരുന്നു.

ചൈനീസ് താരം സുലിപിക്കര്‍ മെയ്‌മെയ്തിയാലിയെ മലയര്‍ത്തിയടിച്ച് ഇന്ത്യന്‍ താരം വിജേന്ദര്‍ സിങ്ങ് ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍ വെയ്റ്റ് കിരീടം നേടുകയും ചെയ്തു.

ഈ വിജയത്തെ ഇന്ത്യ-ചൈന വൈരം കൂടി കൂട്ടിക്കലര്‍ത്തിയാണ് എല്ലാവരും ആഘോഷിച്ചത്.

എന്നാല്‍, ഇതിനെതിരെ വിജേന്ദര്‍ സിങ്ങ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം കൂട്ടാന്‍ താത്പര്യപ്പെടുന്നില്ലെന്നും ചാമ്പ്യന്‍ പട്ടം തനിക്ക് വേണ്ടെന്നും വിജേന്ദര്‍ വ്യക്തമാക്കി.

പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ തുടര്‍ച്ചയായ ഒമ്പതാം വിജയമാണ് മുംബൈയില്‍ വിജേന്ദര്‍ കുറിച്ചത്. ജയത്തോടെ ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് കിരീടം നിലനിര്‍ത്താനും ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍ വെയ്റ്റ് കിരീടം നേടാനും ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയായ വിജേന്ദറിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഈ ടൈറ്റിലുകള്‍ തനിക്ക് വേണ്ടെന്നാണ് വിജേന്ദര്‍ മത്സരശേഷം പ്രതികരിച്ചത്.

‘ഈ വിജയബെല്‍റ്റുകള്‍ തിരിച്ചു നല്‍കി ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയിലുള്ള സംഘര്‍ഷം കുറക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഇതു തന്നെയാണ് എനിക്ക് രാജ്യത്തിന് നല്‍കാനുള്ള സന്ദേശവും’ വിജേന്ദര്‍ പ്രതികരിച്ചു.

Top