ഒരു കുടുംബത്തിനു വേണ്ടി പണിയെടുക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സഹതാപം: മോദി

Modi

ന്യൂഡല്‍ഹി: ഭരണപക്ഷത്തും പ്രതിപക്ഷത്തും കോണ്‍ഗ്രസ് ഒരുപോലെ പരാജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ ടെലികോണ്‍ഫറന്‍സിലാണ് മോദിയുടെ പരാമര്‍ശം. രാജ്യത്തെ ഒരു കുടുംബത്തിനു വേണ്ടി മാത്രം പണിയെടുക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയോര്‍ത്ത് സഹതാപമുണ്ടെന്നും പ്രധാനമന്ത്രി പരിഹസിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവര്‍ക്ക് സാധിക്കുന്ന പോലെ കഷ്ടപ്പെട്ട് പണിയെടുക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗാന്ധി കുടുംബത്തിനു വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

പറന്ന് പോകാതിരിക്കാന്‍ പ്രതിപക്ഷം പരസ്പരം കൈപിടിക്കുകയാണ്. ഓരോ ദിവസവും പ്രതിപക്ഷം പുതിയ കള്ളങ്ങളുമായി രംഗത്തുവരുകയാണ്. പ്രതിപക്ഷത്തിന്റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. മികച്ച ഭരണം കാഴ്ചവെക്കാന്‍ കഴിയാതെ അഴിമതിയും കെടുകാര്യസ്ഥതയും കാരണം ജനം അവരെ 2014ലില്‍ തൂത്തെറിഞ്ഞെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.

സെപ്തംബര്‍ 15 മുതല്‍ സ്വച്ഛതാ ഹി സേവാ മുന്നേറ്റം ആരംഭിക്കും. മഹാത്മാഗാന്ധിയുടെ 150 ജന്മദിനത്തോടനുബന്ധിച്ചാണ് പരിപാടി. രാജ്യം ശുചിയാക്കുന്ന സ്വച്ഛ്ഭാരത് പദ്ധതി വിജയകരമായി നാല് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് മോദി ട്വിറ്ററിലൂടെ അവകാശപ്പെട്ടു. പദ്ധതിയ്ക്കായി പ്രവര്‍ത്തിച്ച എല്ലാവരെയും സല്യൂട്ട് ചെയ്യുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി നിരക്ഷരനും വിവരദോഷിയുമാണെന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപത്തിന്റെ പരാമര്‍ശം വന്‍ വിവാദമായിരുന്നു. നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കിയെടുത്ത ഹ്രസ്വ ചിത്രം മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെയായിരുന്നു സഞ്ജയുടെ പ്രതികരണം. ഇതിനിടെ രാജ്യത്ത് പഞ്ച് മോദി ചലഞ്ച് പ്രചരിക്കുന്നതും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പഞ്ച് മോദി ചലഞ്ചെന്നാല്‍ പൊതുജനങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള അവസരമാണ്. ഒരു രാഷ്ട്രീയ കക്ഷിയിലും അംഗമല്ലാത്ത നൂറുകണക്കിനു പേരാണു ചലഞ്ചിന്റെ ഭാഗമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ബലൂണില്‍ മുഖത്ത് പഞ്ച് ചെയ്യുന്നതാണു പ്രതിഷേധം. ഇതു വ്യക്തിപരമായ വിമര്‍ശനമല്ലെന്നും അദ്ദേഹത്തിന്റെ അജണ്ടകള്‍ക്കെതിരെയും കൈകൊള്ളുന്ന തീരുമാനത്തിനെതിരെയുമാണു വേറിട്ട പ്രതിഷേധമെന്നും ഇടതുപക്ഷ സംഘടനാ നേതാക്കള്‍ പറഞ്ഞു.

വിജയ് മല്ല്യയുടെ വിവാദ പരാമര്‍ശമാണ് മറ്റൊരു വശത്ത് ചൂട് പിടിക്കുന്നത്. ഇത്തരം വിവാദങ്ങള്‍ക്കെല്ലാം ഇടയിലാണ് മോദി കോണ്‍ഗ്രസിനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.

Top