ഐ.എസ്.ആര്‍.ഒ ചെയര്‍മാനെ മാറോടണച്ച് മോദി; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ബെംഗളൂരു: ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായ സാഹചര്യത്തില്‍ ഇന്ത്യയുടെ ചാന്ദ്രയാന്‍-2 ലക്ഷ്യം കാണാത്തതിനെ തുടര്‍ന്ന് വിതുമ്പിയ ഐ.എസ്.ആര്‍.ഒ ചെയര്‍മാനെ ആശ്വസിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

നിരവധി പേരാണ് വീഡിയോ ഏറ്റെടുത്ത് മോദിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.’എന്റെ പ്രധാനമന്ത്രി മനുഷ്യനാണ്’ എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററില്‍ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്

ചന്ദ്രയാന്‍ 2 ദൗത്യത്തെക്കുറിച്ച് സംസാരിച്ച ശേഷം പ്രധാനമന്ത്രി മടങ്ങുമ്പോഴായിരുന്നു എല്ലാവരുടേയും കണ്ണുനനയിക്കുന്ന സംഭവങ്ങള്‍ ഐ എസ് ആര്‍ ഒ ആസ്ഥാനത്തുണ്ടായത്.

പ്രധാനമന്ത്രിയെ യാത്ര അയക്കാന്‍ എത്തിയ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍ നിയന്ത്രണം വിട്ട് കരയുകയായിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി അദ്ദേഹത്തെ സ്വന്തം മാറോടണച്ച് പുറത്ത് തട്ടി ആശ്വസിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

പ്രചോദകമായ നേതൃത്വത്തിന് മാതൃക എന്ന അടിക്കുറിപ്പോടെയാണ് ഐ.എസ്.ആര്‍.ഒ കന്നഡ ട്വിറ്റര്‍ അക്കൗണ്ട് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇസ്രായേല്‍ മുന്‍ അംബാസിഡറും വീഡിയോ ഷെയര്‍ ചെയ്തതിട്ടുണ്ട്.

അതേസമയം, തിരിച്ചടിയില്‍ തളരരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലക്ഷ്യത്തില്‍ നിന്നും പിന്നോട്ട് പോകരുതെന്നും വീണ്ടും പരിശ്രമങ്ങള്‍ തുടരണമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ദൗത്യം വിജയം കാണാത്തതില്‍ നിരാശ വേണ്ട. ശാസ്ത്രജ്ഞര്‍ രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരാണ്. ആത്മവിശ്വാസത്തോടെ മുന്നേറണം. ബഹിരാകാശ ദൗത്യങ്ങളില്‍ രാജ്യത്തിന് അഭിമാനമുണ്ട്. മികച്ച അവസരങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Top