സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിക്കും, പാര്‍ട്ടി പറയുന്നതെന്തും അനുസരിക്കാന്‍ തയ്യാറാണെന്ന് കുമ്മനം

തിരുവനന്തപുരം: ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തില്‍ തന്റെ സാന്നിധ്യം അനിവാര്യമെന്ന് തോന്നിയതിനാലാണ് കേരളത്തിലേക്കുള്ള മടക്കമെന്ന് കുമ്മനം രാജശേഖരന്‍.

തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിക്കുമെന്നും പാര്‍ട്ടി പറയുന്നതെന്തും അനുസരിക്കാന്‍ തയ്യാറാണെന്നും കുമ്മനം പറഞ്ഞു. മത്സരിക്കരുതെന്നാണ് പാര്‍ട്ടി തീരുമാനമെങ്കില്‍ അതും താന്‍ അനുസരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എതിരാളികളുടെ വിമര്‍ശനം സ്വാഭാവികമെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

ആര്‍.എസ്.എസിന്റെയും ബി.ജെ.പിയില്‍ ഒരു വിഭാഗത്തിന്റെയും ശക്തമായ ഇടപെടലാണ് സജീവ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവിന് കുമ്മനത്തിന് വഴിയൊരുക്കിയത്.

കഴിഞ്ഞ മെയ് മാസത്തിലായിരുന്നു മിസോറം ഗവര്‍ണറായി കുമ്മനം രാജശേഖരനെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നിയമിച്ചത്.

അപ്രതീക്ഷിതമായി തന്നില്‍ അര്‍പ്പിക്കപ്പെട്ട ദൌത്യമാണ് ഗവര്‍ണര്‍ പദവിയെന്ന് കുമ്മനം തന്നെ നേരത്തെ പറഞ്ഞിരുന്നു. സംഘടന ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വങ്ങളും വളരെ ഭംഗിയായി നര്‍വഹിക്കുമെന്നും ഇതുവരെ സംഘടന ഏല്‍പ്പിച്ച എല്ലാ ദൌത്യങ്ങളും ഏറ്റെടുത്തിട്ടുണ്ടെന്നുമായിരുന്നു ഗവര്‍ണറായതിന് ശേഷം കുമ്മനം പ്രതികരിച്ചത്.

Top