‘മാപ്പ് പറയാന്‍ ഞാന്‍ രാഹുല്‍ സവര്‍ക്കറല്ല’; കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍

ന്യൂഡല്‍ഹി: റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പുപറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കറെന്നല്ലെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പൗരത്വ നിയമഭേദഗതി അടക്കം മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹി റാംലീല മൈതാനത്ത് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവെയാണ് രാഹുലിന്റെ പ്രതികരണം.

‘രാജ്യത്തെ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ നടത്തിയ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ തനിക്കെതിരെ ഇന്നലെ ലോക്‌സഭയില്‍ ബിജെപി രംഗത്ത് വന്നു. പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറയണം എന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ മാപ്പ് പറയാന്‍ ഞാന്‍ രാഹുല്‍ സവര്‍ക്കറല്ല രാഹുല്‍ ഗാന്ധിയാണ്. സത്യം പറഞ്ഞതിന് ഞാനൊരിക്കലും മാപ്പ് പറയില്ല’ – കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു കൊണ്ട് രാഹുല്‍ പറഞ്ഞു.

നരേന്ദ്രമോദിയും അമിത് ഷായുമാണ് രാജ്യത്തോട് മാപ്പ് പറയേണ്ടത്. നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ നട്ടെല്ലൊടിച്ചു. ഭരണഘടന നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ശത്രുക്കളല്ല, പ്രധാനമന്ത്രിയാണെന്നും ഡല്‍ഹിയിലെ പടുകൂറ്റന്‍ റാലിയില്‍ രാഹുല്‍ പറഞ്ഞു.

Top