My lions have died, I want govt to find out why: Mulayam Singh Yadav

ന്യൂ ഡല്‍ഹി: ലോക്‌സഭയിലെ ചര്‍ച്ചകള്‍ പലപ്പോഴും കൗതുകമുണര്‍ത്തുന്നതാണ്. ഇത്തവണ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ ആവശ്യമാണ് ലോക്‌സഭയില്‍ ശ്രദ്ധേയമായത്.

ഉത്തര്‍പ്രദേശിലേക്ക് സമ്മാനിച്ച രണ്ട് സിംഹങ്ങള്‍ ചത്ത സംഭവത്തില്‍ അന്വേഷണം വേണമെന്നായിരുന്നു ചോദ്യോത്തര വേളിയില്‍ കഴിഞ്ഞദിവസം മുലായം ആവശ്യപ്പെട്ടത്.

ഉത്തര്‍പ്രദേശിലെ ഇത്താവ ലയണ്‍ സഫാരി പാര്‍ക്കിലേക്ക് രണ്ടു സിംഹങ്ങളെ ഗുജറാത്ത് സര്‍ക്കാര്‍ സമ്മാനിച്ചിരുന്നു. ഇവയാണ് ചത്തത്.നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് നാല് സിംഹങ്ങളെ സമ്മാനിച്ചത്.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് സിംഹങ്ങളുടെ മരണകാരണമെങ്കില്‍ അത് പരിഹരിക്കേണ്ടതാണ്.എങ്ങനെയാണ് സിംഹങ്ങള്‍ ചത്തതെന്നും, മരണകാരണം എന്തെന്നും അറിയാന്‍ അന്വേഷണം അനിവാര്യമാണ്’ മുലായം സിംഗ് യാദവ് ചോദ്യവേളയില്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ അന്വേഷണം നടത്താമെന്ന് കേന്ദ്ര പരിസ്ഥിതി മന്തി അനില്‍ മാധവ് ദാവെ മുലായം സിംഗിനോട് വ്യക്തമാക്കി.

അതേസമയം ഗുജറാത്ത് ഗിര്‍ ദേശീയോദ്യാനത്തിലെ 40 സിംഹങ്ങളെ മധ്യപ്രദേശിലെ പന്ന റിസര്‍വ് ഫോറസ്റ്റിലേക്ക് നല്‍കാന്‍ സാധിക്കുമോ എന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ചോദിച്ചു. പക്ഷെ, സിന്ധ്യയുടെ ആവശ്യം ജൈവ വൈവിധ്യ പാര്‍ക്കുകളെ സംബന്ധിച്ച ചര്‍ച്ചയുടെ പരിധിയില്‍ വരികയില്ലെന്ന് മാധവ് ദാവെ വ്യക്തമാക്കി.

ഗുജറാത്ത് സിംഹങ്ങളുടെ കാര്യത്തില്‍ മധ്യപ്രദേശിന് അധികാരമില്ലെന്ന് ഗുജറാത്ത് എംപിമാര്‍ സഭയില്‍ വാദിച്ചു.

ഗിര്‍ വനത്തിലെ സിംഹങ്ങള്‍ വംശ നാശ ഭീഷണി നേരിടുന്നതിനാല്‍, അവയെ മധ്യപ്രദേശിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ സുപ്രീം കോടതി 2013 ല്‍ അനുവാദം നല്‍കിയിരുന്നു.

മധ്യപ്രദേശിലെ വനമേഖലകളില്‍ കടുവകളുടെ എണ്ണം കുറയുന്നതിനാല്‍, സിംഹങ്ങളുടെ അതിജീവനം ദുഷ്‌കരമാകുമെന്ന് റിവ്യു പെറ്റീഷനില്‍ ഗുജറാത്ത് വാദിച്ചിരുന്നു.

Top