മണിപ്പൂരിലെ സമീപകാല സംഭവങ്ങളോര്‍ത്ത് എന്റെ ഹൃദയം വേദനിക്കുന്നു; ജീക്ക്‌സണ്‍ സിങ്

ണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം റോഡിലൂടെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ജീക്ക്‌സണ്‍ സിങ്. മണിപ്പൂരിലെ സമീപകാല സംഭവങ്ങളോര്‍ത്ത് എന്റെ ഹൃദയം വേദനിക്കുന്നുവെന്നാണ് ജീക്ക്‌സന്റെ ട്വീറ്റ്. സ്നേഹത്തിലും ഐക്യത്തിലും സ്ത്രീകളോടുള്ള ആദരവിലും വേരൂന്നിയതാണ് തങ്ങളുടെ സംസ്‌കാരമെന്നും മണിപ്പൂരില്‍ നടക്കുന്ന സംഭവങ്ങള്‍ ഈ സംസ്‌കാരത്തിന് പൂര്‍ണമായും വിരുദ്ധമാണെന്നും ജീക്ക്‌സണ്‍ കുറിച്ചു. മണിപ്പൂരില്‍ പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാറും അധികൃതരും നടപടി സ്വീകരിക്കണമെന്നും സുരക്ഷിതമായൊരു ഭാവി നമുക്ക് ഒരുമിച്ച് കെട്ടിപ്പടുക്കാമെന്നും ജീക്ക്‌സണ്‍ ട്വീറ്റ് ചെയ്തു.

സാഫ് കപ്പ് വിജയാഘോഷ വേളയില്‍ ജീക്ക്‌സണ്‍ സിങ് മെയ്തി വിഭാഗത്തിന്റെ പതാക ഉയര്‍ത്തിയത് ശ്രദ്ധേയമായിരുന്നു. പതാകയും പുതച്ച് കൊണ്ടുള്ള ജീക്ക്‌സന്റെ ആഘോഷം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്.ജീക്ക്‌സനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇത്തരമൊരു പതാകയുമായി എത്തിയത് ശരിയായില്ലെന്നായിരുന്നു വിമര്‍ശനം. എന്നാല്‍, ‘ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ വേണ്ടിയല്ല ഞാന്‍ പതാകയുമായി എത്തിയത്. എന്റെ സംസ്ഥാനമായ മണിപ്പൂരില്‍ നടക്കുന്ന പ്രശ്‌നങ്ങളെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ വേണ്ടി മാത്രമാണ് ശ്രമിച്ചത്’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

Top