ഉദയനാണ് താരത്തിലെ എന്റെ മുഖം എന്റെ ഫുള്‍ ഫിഗര്‍, അത് മമ്മൂട്ടിയായിരുന്നു; രസകരമായ അനുഭവം പങ്കുവച്ച് ശ്രീനിവാസന്‍

സിനിമാനുഭവങ്ങള്‍ കൊണ്ട് അഭിമുഖങ്ങള്‍ രസകരമാക്കുന്ന നടനാണ് ശ്രീനിവാസന്‍. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പമുള്ള പല അനുഭവങ്ങളും അദ്ദേഹം തുറന്നു പറയാറുമുണ്ട്. അത്തരത്തില്‍ മമ്മൂട്ടിക്കൊപ്പമുള്ള രസകരമായ അനുഭവമാണ് അദ്ദേഹം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. മഴയെത്തും മുന്‍പേ എന്ന സിനിമയുടെ റിലീസ് സമയത്തെ ഒരു അനുഭവമാണ് ശ്രീനിവാസന്‍ പങ്കുവെച്ചിരിക്കുന്നത്. മഴയെത്തും മുന്‍പേ ഇറങ്ങിയ അതേദിവസം തന്നെയാണ് മോഹന്‍ലാലിന്റെ സ്ഫടികവും റിലീസ് ചെയ്തത്.

രണ്ടു സിനിമകളും വിജയങ്ങളുമായിരുന്നു. ഒരു ദിവസം താനും മമ്മൂട്ടിയും കൊച്ചിന്‍ ഹനീഫയും ഒന്നിച്ച് ഒരു മീറ്റിങ്ങിനായി യാത്ര ചെയ്യുകയായിരുന്നു. റോഡരികില്‍ ഇരുസിനിമകളുടെയും പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ടായിരുന്നു. ‘കണ്ടോ സ്ഫടികത്തിന്റെ പോസ്റ്ററില്‍ അവന്റെ മുഖം മാത്രം, നമ്മുടെ മഴയെത്തും മുന്‍പേയുടെ പോസ്റ്ററില്‍ ശോഭനയും മറ്റുപലരും. ആ മാധവന്‍ നായരേ (മഴയെത്തും മുന്‍പേയുടെ നിര്‍മ്മാതാവ്) വിളിച്ച് പറ എന്റെ പടം മാത്രമായി പോസ്റ്ററില്‍ വെക്കാന്‍’ എന്ന് മമ്മൂട്ടി പറഞ്ഞതായി ശ്രീനിവാസന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

അതിന് താന്‍ നല്‍കിയ രസകരമായ മറുപടിയെക്കുറിച്ചും ശ്രീനിവാസന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. ‘ഞാന്‍ പറയാം, പക്ഷേ എന്റെ പടം വെച്ചിട്ട് പോസ്റ്ററിറക്കാനായിരിക്കും പറയുക. ഇത് കേട്ട മമ്മൂട്ടി ആ വിഷയം പ്രോത്സാഹിപ്പിച്ചില്ല,’ ശ്രീനിവാസന്‍ പറഞ്ഞു. താന്‍ നിര്‍മ്മാതാവിനോട് ഇക്കാര്യം പറഞ്ഞു. മീറ്റിങ്ങിന് ശേഷം നിര്‍മ്മാതാവിനെ കണ്ടപ്പോള്‍ മമ്മൂട്ടി എന്ത് പറഞ്ഞുവെന്ന് താന്‍ ചോദിച്ചു. ‘പറഞ്ഞ പോലെ മമ്മൂക്ക വന്നു. പക്ഷേ മമ്മൂക്കയോട് ഞാന്‍ ചോദിച്ചു, മോഹന്‍ലാലിന്റെ കഴിഞ്ഞ രണ്ടു സിനിമകള്‍ വീക്കായിരുന്നു. പുള്ളിക്ക് അതിന്റെ ആവശ്യമുണ്ട്. മമ്മൂക്ക നിങ്ങള്‍ക്ക് അതിന്റെ ആവശ്യമുണ്ടോ’ എന്നായിരുന്നു നിര്‍മ്മാതാവിന്റെ മറുപടി. ഉദയനാണ് താരത്തിലെ എന്റെ മുഖം എന്റെ ഫുള്‍ ഫിഗര്‍, അത് മമ്മൂട്ടിയായിരുന്നു എന്നും ശ്രീനിവാസന്‍ പറഞ്ഞു.

Top