വടക്കഞ്ചേരി അപകടത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ്, ‘ഇൻഡ്യൻ’ സിനിമ പോലെ . . .

പാലക്കാട് വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നിലിടിച്ച് വിദ്യാര്‍ത്ഥികളടക്കം ഒന്‍പത് പേര്‍ മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്ത്വത്തില്‍ നിന്നും ഒരിക്കലും മോട്ടോര്‍ വാഹന വകുപ്പിനും പൊലീസിനും ഒഴിഞ്ഞ് മാറാന്‍ കഴിയുകയില്ല.വലിയ അപകടങ്ങള്‍ നടക്കുമ്പോള്‍ മാത്രം പരിശോധന ശക്തമാക്കുന്ന രീതി തന്നെ തെറ്റാണ്. അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് മറ്റ് വാഹനങ്ങള്‍ക്കും ഭീതിയുണ്ടാക്കിയാണ് അവിടേക്ക് എത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചതെന്നും വെളിപ്പെടുത്തല്‍ വന്നു കഴിഞ്ഞു. ഇങ്ങനെ മറ്റു വാഹനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി ഈ ബസ് കുതിക്കുമ്പോള്‍ ഹൈവേ പൊലീസ് എന്തു ചെയ്യുകയായിരുന്നു എന്ന ചോദ്യവും പ്രസക്തമാണ്. ഹൈവേയില്‍ അപകടമുണ്ടായിട്ട് പാഞ്ഞെത്തുന്നതിലല്ല കാര്യം അപകടമുണ്ടാക്കാതെ നോക്കുകയാണ് ചെയ്യേണ്ടത്. മാത്രമല്ല നിരോധിച്ച ഫ്‌ലാഷ് ലൈറ്റുകളും ശബ്ദ സംവിധാനങ്ങളുമാണ് അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ്സില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ആരാണ് ബസ്സിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന ചോദ്യം ഹൈക്കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

ഫ്‌ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും ഹൈക്കോടതി ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. ഇങ്ങനെ ഒരു നിര്‍ദ്ദേശം ഹൈക്കോടതിക്ക് നല്‍കേണ്ടി വന്നത് മോട്ടോര്‍ വാഹന വകുപ്പിന്റെ കെടുകാര്യസ്ഥത വ്യക്തമാക്കുന്നതാണ്. അഴിമതിയുടെ കൂടാരമായ ഈ വകുപ്പില്‍ പണമുണ്ടെങ്കില്‍ എന്തും നടക്കുമെന്ന സ്ഥിതിയാണ് നിലവിലുള്ളത്. അതുകൊണ്ടാണ് നിയമ വിരുദ്ധ സംവിധാനങ്ങള്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ്സിലും കാണപ്പെട്ടിരിക്കുന്നത്.

ഗതാഗത വകുപ്പു കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഈ ബസ് എങ്ങനെ പുറത്തിറങ്ങി ഓടുന്നു എന്നതിന് ട്രാന്‍സ്‌പ്പോര്‍ട്ട് ഉന്നതരാണ് മറുപടി നല്‍കേണ്ടത്. ഈ ബസിനെതിരെ അഞ്ചോളം കേസ് നേരത്തെ തന്നെ എടുത്തതായാണ് ആര്‍ടിഒ വൃത്തങ്ങള്‍ മനോരമ ഓണ്‍ലൈനോടു വെളിപ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും ബസ്സിന്റെ പ്രവര്‍ത്തനം തടയാതിരുന്നത് സംശയം ഉയര്‍ത്തുന്ന കാര്യമാണ്.

കേസുകള്‍ ഉണ്ടായിട്ടും കരിമ്പട്ടികയില്‍ പെടുത്തിയിട്ടും ഇതെല്ലാം മറികടന്ന് ആ ബസ്സ് സഞ്ചരിച്ചിട്ടുണ്ടെങ്കില്‍ അതിനു പിന്നിലെ ധൈര്യം എന്താണെന്നതും അന്വേഷിക്കേണ്ടതുണ്ട്. അപകടത്തില്‍പ്പെട്ട ബസ് കാതടപ്പിക്കുന്ന ഹോണും ആഡംബര ലൈറ്റുകളും ഉപയോഗിച്ചിരുന്നു എന്നത് വിനോദയാത്ര തുടങ്ങും മുന്‍പ് പകര്‍ത്തിയ ചില വീഡിയോകളില്‍ നിന്ന് വ്യക്തമാണ്. ബസ് ഓടുന്ന സമയം സ്പീഡ് ഗവര്‍ണര്‍ വേര്‍പെടുത്തി ഇട്ടിരുന്നതും അമ്പരിപ്പിക്കുന്നതാണ്. കേവലം അശ്രദ്ധയില്‍ ഉണ്ടായ അപകടമല്ല ഇത് വിളിച്ചു വരുത്തിയ അപകടം തന്നെയാണ് അങ്ങനെ മാത്രമേ ഈ ഘട്ടത്തില്‍ വിലയിരുത്താനും കഴിയുകയുള്ളൂ.

1996-ല്‍ പുറത്തിറങ്ങിയ ‘ഇന്ത്യന്‍’ എന്ന സിനിമയില്‍ നടന്നതിന് സമാനമായ അപകടമാണ് വടക്കഞ്ചേരിയിലും നടന്നിരിക്കുന്നത്. സിനിമയിലും ജീവിതത്തിലും അപകടത്തില്‍പ്പെട്ടിരിക്കുന്നത് വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികളാണ് എന്നതും യാദൃശ്ചികമാണ്. സിനിമയില്‍ ഡ്രൈവര്‍ നിഷ്‌കളങ്കനാണെങ്കില്‍ വടക്കഞ്ചേരി അപകടത്തില്‍ ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ പ്രധാന വില്ലനാണ്. പ്രകടമായ വ്യത്യാസവും അതാണ്. കമല്‍ഹാസന്‍ ഇരട്ട വേഷത്തില്‍ അഭിനയിച്ച ഇന്ത്യന്‍ എന്ന സിനിമയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഓടിയ ബസ്സാണ് അപകടത്തില്‍പ്പെട്ടിരുന്നത്. ഈ സംഭവം അനീതിക്കെതിരെ പൊരുതുന്ന കമല്‍ഹാസന്റെ ‘ഇന്ത്യന്‍’ എന്ന കഥാപാത്രം മകനായ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യാഗസ്ഥനെ വധിക്കുന്നതിലാണ് കലാശിച്ചിരുന്നത്.

സിനിമയിലെ പോലെ ഒരു ‘ഇന്ത്യന്‍’ ജീവിതത്തിലും വരേണ്ടി വരുമോ ഇത്തരം അനീതികളെ ചോദ്യം ചെയ്യാന്‍ എന്നതാണ് നാട്ടുകാരും രക്ഷിതാക്കളും ഇപ്പോള്‍ ചോദിക്കുന്നത്. വല്ലാത്തൊരു ചോദ്യം തന്നെയാണിത്. ഇത്തരം ചോദ്യങ്ങള്‍ അവര്‍ക്കു ഉയര്‍ത്തേണ്ടി വന്നതു പോലും സഹികെട്ടാണ്. അതും അധികാരവര്‍ഗ്ഗം ഓര്‍ത്തു കൊള്ളണം. കരിമ്പട്ടികയില്‍ പെടുത്തിയ ബസിനെ യാത്രയ്ക്ക് ഉപയോഗിച്ചതിന്റെ ഉത്തരവാദിത്വം മോട്ടോര്‍ വാഹന വകുപ്പിനു തന്നെയാണ്. എന്തൊക്കെ പുകമറ സൃഷ്ടിക്കാന്‍ നോക്കിയാലും അക്കാര്യത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയുകയില്ല.

അപകടത്തില്‍പ്പെട്ട ബസ് സര്‍വീസ് നടത്തിയത് സ്‌കൂള്‍ – കോളജ് വിനോദയാത്ര സംബന്ധിച്ച് ഗതാഗതവകുപ്പു പുറത്തിറക്കിയ നിലവിലെ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് എന്ന് ഒരു ഉളുപ്പുമില്ലാതെ മൊഴിയുന്ന ഉദ്യാഗസ്ഥര്‍ ഉത്തരവുകള്‍ നടപ്പാക്കപ്പെടുന്നുണ്ടോ എന്നത് എന്തുകൊണ്ട് പരിശോധിച്ചില്ല എന്നതിനാണ് യഥാര്‍ത്ഥത്തില്‍ മറുപടി പറയേണ്ടത്.

കോടതിയിലെ തൊണ്ടി മുതലായ ‘ജട്ടി’ മുക്കിയ കേസില്‍ പ്രതിയായ ഗതാഗത മന്ത്രിയുടെ വകുപ്പില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിച്ചിട്ട് കാര്യവുമില്ല.’തല നന്നായാല്‍ മാത്രമേ വാലും നന്നാകുകയൊള്ളൂ

ബസ് അപകടത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് പ്രതിക്കൂട്ടില്‍ ആയതിനാല്‍ ഇക്കാര്യത്തില്‍ വകുപ്പിന് പുറത്തുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാകണം അന്വേഷണം നടത്തേണ്ടത്. എങ്കില്‍ മാത്രമേ വിശ്വാസ്യതയും ഉണ്ടാകുകയൊള്ളൂ. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വിഷയത്തില്‍ നേരിട്ട് ഇടപെടേണ്ടതുണ്ട്. കോടതിയുടെ മേല്‍ നോട്ടത്തില്‍ ഒരന്വേഷണമാണ് മരണപ്പെട്ട കുട്ടികളുടെ ബന്ധുക്കളും നിലവില്‍ ആഗ്രഹിക്കുന്നത്.

                                                         EXPRESS KERALA VIEW

Top