റോഡ് ടാക്‌സ് അടച്ചില്ല; ഗുരുവായൂരില്‍ രണ്ട് ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി

ഗുരുവായൂര്‍: റോഡ് ടാക്‌സ് അടയ്ക്കാതെ ഓടിയ രണ്ട് ടൂറിസ്റ്റ് ബസുകള്‍ ഗുരുവായൂരില്‍ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. ശനിയാഴ്ച രാവിലെ ഗുരുവായൂര്‍ തെക്കേനടയില്‍നിന്ന് ബസുകള്‍ പിടിച്ചത്.ആര്‍.ടി.ഒ.യുടെ സ്മാര്‍ട്ട് ട്രേസര്‍ എന്ന മൊബൈല്‍ അപ്ലിക്കേഷന്റെ സഹായത്താലാണ് മോട്ടോര്‍ വാഹനവകുപ്പ് വാഹനങ്ങള്‍ പിടികൂടിയത്.

48,000 രൂപ റോഡ് ടാക്‌സും 10,000 രൂപ പിഴയും ചേര്‍ത്ത് 58,000 രൂപ വീതം ഇരു വാഹനങ്ങളും അടയ്ക്കണം. ഇതില്‍ ഒരു ബസിന്റെ ഉടമ ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ഓണ്‍ലൈന്‍ വഴി തുക അടച്ചു. രണ്ടാമത്തെ ബസ് ഉടമ തിങ്കളാഴ്ച അടയ്ക്കാമെന്ന് അറിയിച്ചതോടെ ബസ് വിട്ടുകൊടുത്തു.

ഗുരുവായൂരില്‍ കല്യാണ ട്രിപ്പിന് വന്നതായിരുന്നു രണ്ട് ബസുകളും. തിരിച്ച് തൃശ്ശൂരിലേക്ക് പോകുമ്പോള്‍ തെക്കേ ഔട്ടര്‍ റിങ് റോഡില്‍വെച്ചായിരുന്നു സ്മാര്‍ട്ട് ട്രേസറിന്റെ സഹായത്താല്‍ വാഹനം പിടിച്ചത്.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ സമീഷ്, രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ വാഹനപരിശോധന നടത്തുന്നതിനിടെ സംശയം തോന്നിയപ്പോള്‍ ബസുകളുടെ നമ്പര്‍ സ്മാര്‍ട്ട് ട്രേസര്‍ ആപ്പില്‍ അടിച്ചുനോക്കി. തുടര്‍ന്ന് രണ്ട് ബസുകളും റോഡ് നികുതി അടച്ചിട്ടില്ലെന്ന് തെളിയുകയായിരുന്നു.

Top