MV JAYARAJAN’S STATEMENT AGAINST RAHUL GANDHI

കണ്ണൂര്‍: ഗാന്ധിഘാതകര്‍ ആര്‍എസ്എസ് ആണെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രതികരണം പിന്‍വലിച്ചതു ഭീരുത്വമായെന്ന് സിപിഎം നേതാവ് എം.വി.ജയരാജന്‍.

ഗാന്ധിവധം 1947 ഡിസംബര്‍ എട്ടിന് ആര്‍എസ്എസ് നേതൃയോഗത്തില്‍ ആസൂത്രണം ചെയ്തതാണെന്നുള്ള രേഖപുറത്തുവന്നിരുന്നു.

നാഥുറാം വിനായക് ഗോഡ്‌സെയുടെ സഹോദരനും ഗാന്ധി വധക്കേസില്‍ ഗൂഢാലോചനക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടയാളുമായ ഗോപാല്‍ ഗോഡ്‌സേ 1994ല്‍ നടത്തിയ വെളിപ്പെടുത്തലില്‍, ഗാന്ധി വധത്തില്‍ നാഥുറാമിന്റെ പങ്കും ഗോഡ്‌സേ സഹോദരന്മാര്‍ക്ക് ആര്‍എസ്എസുമായുള്ള ബന്ധവും വ്യക്തമാക്കുന്നുണ്ട്.

നാഥുറാം ഗോഡ്‌സേയുടെ ജയില്‍ജീവിതം പരിശോധിച്ചാല്‍ ആര്‍എസ്എസുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വ്യക്തമാകുന്നുമുണ്ട്.

ആര്‍എസ്എസ് നേതൃത്വം പോലും ഗാന്ധി വധത്തില്‍ തങ്ങള്‍ക്കുള്ള ഉത്തരവാദിത്തം ഏറെക്കുറെ അംഗീകരിച്ചതാണ്. പിന്നെ എന്തുകൊണ്ട് രാഹുല്‍ ഗാന്ധി കൊലയാളികളെ വെള്ളപൂശുന്നു? വര്‍ഗീയതയോടു കോണ്‍ഗ്രസ് മൃദുസമീപനമാണു പലപ്പോഴും സ്വീകരിക്കാറ്.

അതിന്റെ ഉദാഹരണമാണു തന്റെ മുന്‍ പ്രസ്താവന പിന്‍വലിച്ച രാഹുലിന്റെ നിലപാട്. കൊലയാളികളെ വെള്ളപൂശാന്‍ രാഹുല്‍ ശ്രമിച്ചാലും ജനങ്ങള്‍ അത് അംഗീകരിക്കില്ല. ബിര്‍ല മന്ദിരത്തില്‍ പ്രാര്‍ത്ഥിക്കുമ്പോഴാണ് ഗാന്ധിജിയെ വര്‍ഗീയവാദിയായ നാഥുറാം വെടിവെച്ചുകൊല്ലുന്നത്.

കൊലക്കുറ്റത്തിന് അറസ്റ്റിലായ ഗോഡ്‌സേയെയും നാരായണ്‍ ആപ്‌തെയെയും 1949ല്‍ അംബാല ജയിലില്‍ വച്ചാണ് തൂക്കിക്കൊല്ലുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വധശിക്ഷ ഇതായിരുന്നു.

ആര്‍എസ്എസിനെ 1948ല്‍ നിരോധിച്ചത് രാഹുലിനറിയില്ലേ? തന്റെ മുന്‍ നേതാക്കള്‍ സ്വീകരിച്ച നടപടിയെ രാഹുല്‍ തള്ളിപ്പറയുകയാണ്. പറഞ്ഞ വാക്കില്‍ ഉറച്ചുനില്‍ക്കാത്ത രാഹുല്‍ ആര്‍എസ്എസ്സിന് വിധേയപ്പെടുകയാണോ? ഈ ചോദ്യത്തിനാണ് കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയേണ്ടതെന്നും എം.വി. ജയരാജന്‍ ആവശ്യപ്പെട്ടു.

Top