ന്യൂനപക്ഷ വാദം; കുഞ്ഞാലിക്കുട്ടി ആദ്യം നല്ല മനുഷ്യനാകാന്‍ നോക്കെന്ന് എം.വി ജയരാജന്‍

കണ്ണൂര്‍: മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ന്യൂനപക്ഷ ക്ഷേമം ലക്ഷ്യം വയ്ക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടിക്ക് ഇടതുപക്ഷത്തോട് അലര്‍ജിയാണെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ആദ്യം നല്ല മനുഷ്യനാകാന്‍ നോക്ക്, എന്നിട്ട് മതി ന്യൂനപക്ഷത്തിന് വേണ്ടി വാദിക്കാനെന്നും ജയരാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വിവാഹമോചനം നടത്തുന്ന മുസ്ലീങ്ങളെ മാത്രം ജയിലിലടക്കാന്‍ നിയമവ്യവസ്ഥ കൊണ്ടുവരുമ്പോള്‍ പാര്‍ലമെന്റില്‍ ഹാജരാകുക പോലും ചെയ്യാതെ വിവാഹത്തില്‍ പങ്കുകൊള്ളാന്‍ പോയത് ന്യൂനപക്ഷങ്ങള്‍ മറന്നിട്ടില്ല. ന്യൂനപക്ഷമെന്നാല്‍ മുസ്ലീങ്ങള്‍ മാത്രമല്ല. അതുപോലെ മുസ്ലീങ്ങള്‍ എല്ലാം ലീഗുമല്ലെന്നും എം വി ജയരാജന്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യം ന്യൂനപക്ഷ ക്ഷേമമല്ല.രോഗം ഇടതുപക്ഷ അലര്‍ജിയാണ്.
====================
ന്യൂനപക്ഷ ക്ഷേമമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം. അല്ലാതെ ലീഗിനെ പോലെ കയ്യിട്ട് വാരലല്ല. പ്രവാസി വകുപ്പും മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നുണ്ട്. ആ വകുപ്പിന്റെയും ക്ഷേമനിധി ബോര്‍ഡിന്റെയും നോര്‍ക്കയുടേയും പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. അത് ലീഗുകാരടക്കം സമ്മതിക്കുന്നതാണ്. അതുപോലെ ന്യൂനപക്ഷ ക്ഷേമ വകുപ്പും മാറുമെന്ന ഭയമാണ് ലീഗുകാര്‍ക്ക്. അതുകൊണ്ടാണ് വിറളി പിടിച്ച രാഷ്ട്രീയക്കാരനായി കുഞ്ഞാലിക്കുട്ടി മാറിയത്. കുഞ്ഞാലിക്കുട്ടി ആദ്യം നല്ല മനുഷ്യനാകാന്‍ നോക്ക്. എന്നിട്ട് മതി ന്യൂനപക്ഷത്തിനു വേണ്ടി വാദിക്കാന്‍. മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കുന്ന ആളായതുകൊണ്ടാണ് മുഖ്യമന്ത്രിയും ഈ സര്‍ക്കാരും പൗരത്വഭേദഗതി നിയമത്തെ എതിര്‍ത്തതും കേന്ദ്രം വിവേചനത്തോടെ തയ്യാറാക്കിയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചതും.

വര്‍ഗ്ഗീയ കളിയിലൂടെ ഫാസിസ്റ്റുകള്‍ക്ക് നേട്ടം കൊയ്യാന്‍ അവസരം സൃഷ്ടിക്കുന്നയാളാണ് കുഞ്ഞാലിക്കുട്ടി എന്ന് നേരത്തെ വ്യക്തമായതാണ്. വിവാഹമോചനം നടത്തുന്ന മുസ്ലീങ്ങളെ മാത്രം ജയിലിലടക്കാന്‍ നിയമവ്യവസ്ഥ കൊണ്ടുവരുമ്പോള്‍ പാര്‍ലമെന്റില്‍ ഹാജരാകുക പോലും ചെയ്യാതെ വിവാഹത്തില്‍ പങ്കുകൊള്ളാന്‍ പോയത് ന്യൂനപക്ഷങ്ങള്‍ മറന്നിട്ടില്ല.ന്യൂനപക്ഷമെന്നാല്‍ മുസ്ലീങ്ങള്‍ മാത്രമല്ല.അതുപോലെ മുസ്ലീങ്ങള്‍ എല്ലാം ലീഗുമല്ല. ന്യൂനപക്ഷങ്ങള്‍ മതനിരപേക്ഷ പക്ഷത്താണ് എന്ന് തെളിയിക്കുന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഭംഗിയായി കൈകാര്യം ചെയ്യുന്ന കഴിഞ്ഞ മന്ത്രിസഭയിലെ കെ.ടി ജലീലിന്റെ രക്തം ഊറ്റാന്‍ നോക്കിയവരാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്ക് എതിരായും തിരിയുന്നത്.അതില്‍ യാതൊരു അത്ഭുതവും ഇല്ല. അവര്‍ക്ക് വേണ്ടത് ന്യൂനപക്ഷ ക്ഷേമമല്ല. ഇടതുപക്ഷ രക്തമാണ്. സമസ്താ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞതുപോലെ ‘ന്യൂനപക്ഷ വകുപ്പ് ഇച്ഛാശക്തിയോടെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് കഴിയുക തന്നെ ചെയ്യും. ‘വകുപ്പ് ആര് കൈകാര്യം ചെയ്താലും എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ’.
എം വി ജയരാജന്‍

 

Top