കോവി‌ഡിനെ കീഴടക്കി എം വി ജയരാജൻ ഐസിയു വിൽ തുടരും

ണ്ണൂർ: കോവിഡ് ന്യുമോണിയ ബാധിതനായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ
കഴിയുന്ന സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യസ്ഥിതിയിൽ വലിയ പുരോഗതിയുണ്ടായതായി  മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. അദ്ദേഹത്തിൻറെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.

സാധാരണനിലയിലുള്ള ശ്വാസോച്ഛ്വാസ സ്ഥിതിയിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നതിൻറെ ഭാഗമായി ഇടവേളകളിൽ ഓക്‌സിജന്റെ മാത്രം സഹായത്തോടെ രക്തത്തിലെ ഓക്‌സിജൻറെ അളവ് ക്രമീകരിച്ചത് ഫലം കണ്ടതായി ബോർഡ്​ വിലയിരുത്തി.

രക്തത്തിലെ ഓക്‌സിജൻറെ  അളവിൽ കാര്യമായ പുരോഗതി ദൃശ്യമായതിനാൽ സി-പാപ്പ് വെൻറിലേറ്റർ സപ്പോർട്ട് നിലവിൽ ഒഴിവാക്കുവാനും, മിനിമം ഓക്‌സിജൻ സപ്പോർട്ട് തുടരാനും തീരുമാനിച്ചിട്ടുണ്ട്​. പ്രമേഹവും ഉയർന്ന രക്തസമ്മർദവും മരുന്നിലൂടെ നിയന്ത്രണ വിധേയമാണ്. കിടക്ക വിട്ട് എഴുന്നേറ്റിരിക്കാനും ഭക്ഷണം കഴിക്കാനും അദ്ദേഹത്തിനിപ്പോൾ സാധിക്കുന്നുണ്ട്.

മൂത്രത്തിലുണ്ടായ നേരിയ അണുബാധ തടയുന്നതിന് മരുന്ന് നൽകിത്തുടങ്ങി. എന്നാൽ കോവിഡ് ന്യുമോണിയ കാരണം ശ്വാസകോശത്തിലുണ്ടായ അണുബാധ വിട്ടുമാറിയിട്ടില്ലാത്തതിനാൽ ജാഗ്രത തുടരേണ്ടതുണ്ടെന്നും കർശന നിരീക്ഷണം ആവശ്യമുള്ളതിനാൽ ഐ.സി.യുവിൽ തുടരേണ്ടതുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Top