പട്ടിണിക്കാരനും അല്ലാത്തവരും കാണേണ്ട കളിയാണ് ക്രിക്കറ്റെന്ന് എം വി ജയരാജൻ

കണ്ണൂര്‍: “പട്ടിണി കിടക്കുന്നവർ കളികാണേണ്ട” എന്ന കായിക മന്ത്രി അബ്ദുറഹ്മാന്റെ പരാമർശത്തെ തള്ളി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജൻ. പട്ടിണിക്കാരനും അല്ലാത്തവരും കാണേണ്ട കളിയാണ് ക്രിക്കറ്റെന്ന് പറഞ്ഞ എം വി ജയരാജൻ, പട്ടിണി പാവങ്ങൾ കളി കാണേണ്ട എന്ന് പറയരുതെന്നും വിമര്‍ശിച്ചു.

കാര്യവട്ടത്തെ ടിക്കറ്റ് വിവാദത്തിൽ കായിക മന്ത്രിക്കെതിരെ വിമർശനം ശക്തമാവുകയാണ്. ഒഴിഞ്ഞ ഗ്യാലറിക്ക് കാരണം അബ്ദുറഹ്മാന്റെ പരാമർശമാണെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുറ്റപ്പെടുത്തി. കായിക പ്രേമികളുടെ അവകാശത്തെ തടയാൻ ശ്രമിക്കുന്നത് പരിതാപകരമാണ്. വിവേകത്തിന്റെ വഴി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും നഷ്ടം കെസിഎക്ക് മാത്രമല്ല സർക്കാറിന് കൂടിയാണെന്ന് മനസിലാക്കണമെന്നും പന്ന്യൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കാര്യവട്ടത്ത് കണ്ടത് മന്ത്രിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും വിമര്‍ശിച്ചു. സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലമാണ് കാര്യവട്ടം ഏകദിനത്തിൽ കാണികൾ കുറഞ്ഞതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലനും കുറ്റപ്പെടുത്തി. കായിക മന്ത്രി കുറേക്കൂടെ ജാഗ്രത പാലിക്കേണ്ടതായിരുന്നു. ഇത്തരം നടപടികൾ സർക്കാർ നിർത്തലാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, കായിക മന്ത്രിയോടുള്ള വിയോജിപ്പ്, ഇന്ത്യന്‍ ടീമിനോടും താരങ്ങളോടും അല്ല പ്രകടിപ്പിക്കേണ്ടതെന്ന് കെസിഎ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി പ്രതികരിച്ചു. മന്ത്രി അബ്ദുറഹ്മാമാന്‍ എപ്പോഴും കെസിഎയോട് ചേര്‍ന്ന് നിൽക്കുന്നയാളാണ്. സര്‍ക്കാരിൽ നിന്ന് ആനുകൂല്യം പ്രതീക്ഷിക്കുന്നത് കൊണ്ടല്ല, കെസിഎ കടുത്ത നിലപാട് എടുക്കാത്തതെന്നും ബിനീഷ് വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ബിനീഷിന്റെ പ്രതികരണം.

Top