‘ക്വട്ടേഷൻ ഒരു സാമൂഹ്യ തിന്മ’; അതിന് രാഷ്ട്രീയമില്ലെന്ന് എംവി ജയരാജൻ

കണ്ണൂർ: കൊട്ടേഷന് രാഷ്ട്രീയമില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കൊട്ടേഷൻ ഒരു സാമൂഹ്യ തിന്മയാണ്. പെട്ടെന്ന് ഉണ്ടാക്കുന്ന പണം കൊണ്ട് കൊട്ടേഷൻ കാർ മണി മാളിക പണിയുന്നു. ആറും ഏഴും പട്ടികളെ വളർത്തി അസാധാരണ ജീവിതം നയിക്കുന്നു. സമ്പത്തിലൂടെ എന്തും നേടാമെന്ന ഹുങ്കാണ് ഇതിന് പിന്നിൽ. കൊട്ടേഷൻ ചോദ്യം ചെയ്താൽ ഫോണിലൂടെയും അല്ലാതെയും ഭീഷണി. ഭീഷണിപ്പെടുത്താൻ വന്നാൽ അതിന് മുന്നിൽ മുട്ടുമടക്കാൻ മനസില്ലെന്ന് പറയണം. പി ജയരാജനും ബിജൂട്ടിയുമെല്ലാം തെറ്റിനൊപ്പം നിന്നിരുന്നുവെങ്കിൽ ഇങ്ങനെ അക്രമിക്കപ്പെടുമായിരുന്നില്ല. ഭീഷണിക്ക് മുൻപിൽ മുട്ടുമടക്കാത്ത ശീലമാണ് സിപിഎമ്മിന്റേത്. കൊട്ടേഷൻ പ്രവർത്തനങ്ങൾക്കെതിരെ നാട് ഒരുമിച്ച് നിൽക്കണമെന്നും എംവി ജയരാജൻ ആവശ്യപ്പെട്ടു.

സിപിഎമ്മിൽ ഭിന്നത എന്ന് വാർത്ത വരുന്നു. ആ പൂതി അങ്ങ് മനസിൽ വച്ചാൽ മതിയെന്ന് എംവി ജയരാജൻ പറഞ്ഞു. 2013 ൽ തന്നെ പി ജയരാജൻ കൊട്ടേഷൻ സംഘങ്ങളെ തള്ളിപ്പറഞ്ഞ് പൊതു സമ്മേളനം നടത്തിയതാണ്. കണ്ടാമൃഗത്തെക്കാൾ ചർമ ബലമുള്ളവരാണ് കൊട്ടേഷനിൽ സി പി എം ഭിന്നത എന്ന വാർത്തയുണ്ടാക്കുന്നത്. പിബി അംഗം വരെയുള്ളവർക്ക് കൊട്ടേഷനെ കുറിച്ച് ഒരേ അഭിപ്രായമാണ്. കൊടകര കള്ളപ്പണം ബി ജെ പി യിലെ കൊട്ടേഷനാണ്. അതാരെങ്കിലും പറയുമോ? ഇലക്ടറൽ ബോണ്ട് വഴി ഏറ്റവും കൂടുതൽ പണം വാങ്ങുന്നത് ബിജെപിയാണ്.

ചുവപ്പ് കൊണ്ട് തലയിൽ കെട്ടിയാൽ മനസ് ചുവപ്പാകില്ലെന്ന് എംവി ജയരാജൻ പറഞ്ഞു. നാടിനോട് കൂറുണ്ടെങ്കിൽ പേരിനൊപ്പമുള്ള നാടിന്റെ പേര് മാറ്റണം. കക്കൂസ് മാലിന്യങ്ങളെ പോലെയുള്ള വാക്കുകൾ ഉപയോഗിക്കുന്നവർ ചെയ്യുന്നത് പോലെ നമ്മൾ പോസ്റ്റ് ചെയ്യാൻ പാടില്ല. ഡാഷ് മോനെ എന്ന് വിളിച്ചാൽ ഡാഷ് മോളെ എന്ന് നമ്മൾ തിരിച്ച് വിളിക്കരുത്. നിയമ വഴി തേടുക മാത്രമേ ചെയ്യാവൂ. നവ മാധ്യമ കൊട്ടേഷൻ പണി സി പി എം ആരെയും ഏൽപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top