നേഴ്സിംഗ് വൃത്തി ചെയ്യുന്നവരെ യുദ്ധമുഖത്തു പോലും അംഗീകരിക്കും പക്ഷേ ഇവർ . .

MV Jayarajan

തിരുവനന്തപുരം: ഗാസയില്‍ പരിക്കേറ്റ പലസ്തീനിയന്‍ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നതിനിടെ നേഴ്‌സിനെ കൊലപ്പെടുത്തിയ ഇസ്രായേല്‍ ക്രൂരതയ്‌ക്കെതിരെ സി.പി.എം സംസ്ഥാന കമ്മറ്റി അംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം.വി ജയരാജന്‍ രംഗത്ത്.

നേഴ്‌സിംഗ് വൃത്തി ചെയ്യുന്നവരെ യുദ്ധമുഖത്തും അംഗീകരിക്കുന്നതാണ് ലോകനീതിയെന്നും ഇസ്രായേല്‍ ക്രൂരതയ്‌ക്കെതിരെ ലോകമനസ്സാക്ഷി ഉണരുകതന്നെ വേണമെന്നും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ:

മാലാഖയെ കൊലപ്പെടുത്തിയ
സയണിസ്റ്റ് ഭീകരത
=====================
ഇസ്രായേല്‍ ഭീകരത വീണ്ടും. ഗാസയില്‍, പരിക്കേറ്റ പലസ്തീനിയന്‍ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നതിനിടെ, 21 കാരിയായ നേഴ്‌സിംഗ് ജീവനക്കാരി റസന്‍ അല്‍ നജറിനെ ഇസ്രായേല്‍ പട്ടാളം വെടിവെച്ച് കൊലപ്പെടുത്തിയിരിക്കുന്നു. യുദ്ധമുഖത്തായാലും മുറിവേറ്റവരെ ശുശ്രൂഷിക്കുന്ന മാലാഖമാരെ ആക്രമിക്കാറില്ല. എന്നലിവിടെ ഇസ്രായേല്‍ ഭീകരത അതും ചെയ്തിരിക്കുന്നു.

പാലസ്തീനിലെ കുഞ്ഞുങ്ങളെയുള്‍പ്പടെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ ക്രൂരത നിരവധിത്തവണ ലോകം ചര്‍ച്ച ചെയ്തതാണ്. അമേരിക്കന്‍ പിന്തുണയോടെയാണ് ഇസ്രായേലിന്റെ ഏകപക്ഷീയ ആക്രമണങ്ങളെന്നതും ലോകത്തിന് മുന്നിലുണ്ട്.

യുദ്ധഭൂമിയില്‍ മുറിവേറ്റവരെ ശ്രുശ്രൂഷിക്കാന്‍ നേതൃത്വം നല്‍കിയ വിളക്കേന്തിയ മാലാഖയെക്കുറിച്ച് നമുക്കറിയാം. നേഴ്‌സിംഗിന്റെ ഉപജ്ഞാതാവായ ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍,വിളക്കേന്തി യുദ്ധഭൂമിയിലെത്തി 1860 ലെ ക്രീമിയന്‍ യുദ്ധത്തില്‍ പരിക്കേറ്റ പട്ടാളക്കാരെ ചികിത്സിക്കുകയായിരുന്നു. വിളക്കേന്തിയ ആ വനിതയുടെ പ്രവര്‍ത്തനത്തെ പിന്നീട് ലോകമാകെ വാഴ്ത്തി. അതുകൊണ്ടാണ് നൈറ്റിംഗേലിന്റെ ജന്മദിനം നേഴ്‌സസ് ദിനമായി ലോകമാകെ കൊണ്ടാടുന്നത്.

നേഴ്‌സിംഗ് വൃത്തി ചെയ്യുന്നവരെ യുദ്ധമുഖത്തും അംഗീകരിക്കുന്നതാണ് ലോകനീതി. അതാണ് സയണിസ്റ്റ് ഭീകരത ചവുട്ടിയരച്ചത്. അല്ലെങ്കിലും കുഞ്ഞുങ്ങളെവരെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന ഇസ്രായേലിനെന്ത് നീതിയും മനുഷ്യത്വവും. പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതിനിടെ നേഴ്‌സിനെ കൊലപ്പെടുത്തിയ ഇസ്രായേല്‍ ക്രൂരതയ്‌ക്കെതിരെ ലോകമനസ്സാക്ഷി ഉണരുകതന്നെ വേണം.
– എം.വി ജയരാജന്‍

Top