അഴിമതിയുടെ കാര്യത്തിൽ ബി.ജെ.പിയും കോൺഗ്രസ്സും ഒരേ തൂവൽ പക്ഷികൾ ; എം.വി ജയരാജന്‍

തിരുവനന്തപുരം : രാജ്യത്ത് അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും തുല്യരാണെന്ന് സി.പി.എം സംസ്ഥാന കമ്മറ്റി അംഗം എം.വി ജയരാജന്‍.

ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തതോടെ രാജ്യത്തെ പ്രധാന രണ്ട് രാഷ്ട്രീയ കക്ഷികള്‍ തമ്മില്‍ പരസ്പരം ചെളിവാരിയെറിയുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഫേയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് എം.വി ജയരാജന്റെ പ്രതികരണം.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

കോൺഗ്രസ്സോ ബിജെപിയോ ആരാണ് അഴിമതിയിൽ ഒന്നാമത്?

ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തതോടെ രാജ്യത്തെ പ്രധാന രണ്ട് രാഷ്ട്രീയ കക്ഷികൾ തമ്മിൽ പരസ്പരം ചെളിവാരിയെറിയുകയാണ്.   ബിജെപി സർക്കാർ രാഷ്ട്രീയമായി തന്നെ നശിപ്പിക്കാനാണ് കള്ളക്കേസിൽ കുടുക്കിയതെന്ന് ചിദംബരവും കോൺഗ്രസ്സും പറയുമ്പോൾ നിയമം നിയമത്തിന്റെ വഴിയേ സഞ്ചരിക്കുകയാണെന്നും ഉയർന്നുവന്ന ആക്ഷേപത്തെക്കുറിച്ച് സിബിഐ തന്നെ മറുപടി പറയുമെന്നും ബിജെപിയും കേന്ദ്രമന്ത്രിമാരും പറയുന്നു.  ഇതിലേതാണ് ശരി?  ജനങ്ങൾക്കറിയേണ്ടത് സത്യമാണ്?  ഒരു കാര്യം വ്യക്തമാണ്.  അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസ്സും ബിജെപിയും ഒരേ തൂവൽ പക്ഷികളാണ്.  രണ്ടും ബൂർഷ്വാ രാഷ്ട്രീയ കക്ഷികൾ. അഴിമതിയുടെ ചെളിക്കുണ്ടിൽ ജനിക്കുകയും വളരുകയും ചെയ്തവർ.  
ഐഎൻഎക്‌സ് മീഡിയ ഡയരക്ടറായിരുന്ന ഇന്ദ്രാണി മുഖർജി മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ മൊഴിയാണ് ചിദംബരത്തിന്റെ കുടുംബത്തെ കുടുക്കിയതെന്ന് കരുതുന്നു.  2007ൽ 4.62 കോടി രൂപയുടെ വിദേശനിക്ഷേപം വാങ്ങാൻ ഐഎൻഎക്‌സ് വിദേശനിക്ഷേപ പ്രോത്സാഹനബോർഡിൽ നിന്ന് അനുമതി തേടി.  അനുമതിക്കായി അപേക്ഷ നൽകിയ തുകയുടെ എത്രയോ ഇരട്ടി വിദേശ നിക്ഷേപം സ്വീകരിച്ചു.  305 കോടി രൂപ.  ഈ തുകയാവട്ടെ ഐഎൻഎക്‌സ് ന്യൂസ് എന്ന കമ്പനിയിൽ മുടക്കുകയും ചെയ്തു.  ആ നിയമവിരുദ്ധ നടപടി ആദായനികുതി വകുപ്പ് കണ്ടെത്തി.  അന്ന് കോൺഗ്രസ് ഭരണവും, ചിദംബരം കേന്ദ്രമന്ത്രിയും.  ഈ നിയമവിരുദ്ധ നടപടിയിൽ നിന്ന് രക്ഷനേടാൻ കമ്പനി അന്നത്തെ കേന്ദ്രമന്ത്രിയുടെയും മകന്റെയും സഹായം തേടി.  സഹായം ലഭ്യമാക്കണമെങ്കിൽ അഡ്വാന്റേജസ് സ്ട്രാറ്റജിക് കൺസൾട്ടിങ്ങ് എന്ന തന്റെ കമ്പനിക്ക് പണം നൽകണമെന്ന വ്യവസ്ഥ കാർത്തി ചിദംബരം മുന്നോട്ടുവെച്ചു.  7 ലക്ഷം ഡോളർ വിദേശത്തുവെച്ച് കമ്പനി നൽകിയെന്നാണ് ഉയർന്നുവന്ന ആാേപണം. കേന്ദ്രമന്ത്രിയായ ചിദംബരത്തെ കണ്ടപ്പോഴാവട്ടെ, മകന്റെ ബിസിനസിന് സഹായം നൽകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.  ഈ വസ്തുതയാണ് ഐഎൻഎക്‌സ് മീഡിയയുടെയും ന്യൂസിന്റെയും ഡയരക്ടർമാർ നൽകിയ മൊഴിയിലുള്ളത്.  അതുകൊണ്ട് തന്നെ കാർത്തി ചിദംബരത്തിൽ നിന്ന് പിതാവ് ചിദംബരത്തിലേക്ക് സിബിഐ എത്തുമെന്ന് വ്യക്തമാണ്.  വിദേശബാങ്കിലുള്ള പണം പിൻവലിച്ച് അഴിമതിക്കേസിൽ നിന്ന് രക്ഷപ്പെടാൻ കൂടിയാണ് കാർത്തി ചിദംബരം ഇടയ്ക്കിടക്ക് വിദേശത്ത് പറക്കുന്നത് എന്നും സിബിഐ കുറ്റപ്പെടുത്തുന്നു.  
ദേശീയ രാഷ്ട്രീയത്തിലെ മുഖ്യവിപത്തായ അഴിമതിയുടെ കാര്യത്തിൽ ബിജെപിയും കോൺഗ്രസ്സും ഒരേ തൂവൽപക്ഷികളാണ്.
– എം.വി. ജയരാജൻ

Top