രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബി.ജെ.പി സര്‍ക്കാറിന്റെ കുറ്റസമ്മതം: എം.വി ജയരാജന്‍

MV Jayarajan

കണ്ണൂര്‍: രാഷ്ട്രപതിയുടെ നയപ്രഖ്യാപനം 4 വര്‍ഷമായി ഒന്നും ചെയ്യാത്ത ബി.ജെ.പി സര്‍ക്കാരിന്റെ കുറ്റസമ്മതമാണെന്ന് സിപിഎം നേതാവ് എം വി ജയരാജന്‍. അടിസ്ഥാന വികസനം വാക്കുകളില്‍ ഒതുങ്ങിയെന്നും തന്റെ ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം വ്യക്തമാക്കി.

(ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ…)

‘രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റേയും വികസനം സാധ്യമായാലേ, നാടിന്റെ വികസനം സാധ്യമായി എന്ന് പറയാന്‍ കഴിയൂ’ എന്നത് രാഷ്ട്രപിതാവിന്റെ തന്നെ വാക്കുകളാണ്. കഴിഞ്ഞ 4 വര്‍ഷത്തെ ബി.ജെ.പി ഭരണത്തില്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തേയും ദുരിതത്തിലേക്ക് തള്ളിവിട്ട കോര്‍പ്പറേറ്റ് അനുകൂല തീവ്രവലതുപക്ഷ നയമാണ് ബി.ജെ.പി നടപ്പാക്കിയത്. കോര്‍പ്പറേറ്റുകള്‍ക്ക് കുന്നോളം വളര്‍ച്ച നേടാന്‍ സാധിച്ചെങ്കില്‍, സാധാരണക്കാരായ ജനങ്ങള്‍ വിലക്കയറ്റം ഉള്‍പ്പടെ താങ്ങാന്‍ കഴിയാതെ നിസ്സാഹായരായി എന്നതാണ് വസ്തുത. അടിസ്ഥാന വികസനം വെറുംവാക്കുകളില്‍ ഒതുങ്ങി. ഈ സാഹചര്യത്തില്‍ നിന്നുവേണം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തെ വിലയിരുത്തേണ്ടത്.

എന്തൊക്കെയാണ് പ്രധാനമായും നയപ്രഖ്യാപനത്തില്‍ പറഞ്ഞത്..?. പാവപ്പെട്ടവര്‍ക്കും മധ്യവര്‍ത്തികള്‍ക്കും സഹായകരമാവുന്ന പുതിയദേശീയ ആരോഗ്യനയമാണ് ഒന്ന്. അത്യാവശ്യമായി നടപ്പാക്കേണ്ടതാണിത്. എന്നാല്‍ എന്തുകൊണ്ടാണ് നാലുവര്‍ഷം രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം ബി.ജെ.പി സര്‍ക്കാരിന് പ്രശ്‌നമായി തോന്നാതിരുന്നത്!. പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷമാണ് മരുന്നുവില ക്രമാതീതമായി ഉയര്‍ന്നത്. യു.പിയില്‍ ദിനേനയെന്നോണം നിരവധി കുഞ്ഞുങ്ങള്‍ മരണപ്പെട്ടപ്പോഴും കേന്ദ്രസര്‍ക്കാരിന് ഒന്നിടപെടാന്‍ തോന്നിയിരുന്നില്ലല്ലോ. ഒരുവര്‍ഷം കൂടി കഴിഞ്ഞാല്‍ ലോകസഭാ തെരഞ്ഞെടുപ്പ് വരുമെന്നോര്‍ത്തപ്പോഴാണോ ജനങ്ങളുടെ ആരൊഗ്യത്തെക്കുറിച്ച് ഓര്‍മവന്നത്..!?

ഗ്രാമീണ വികസനവും കര്‍ഷകരുടെ ഉന്നമനവും നയപ്രഖ്യാപനത്തിന്റെ ഭാഗമാണ്. എന്താണ് ഇന്നത്തെ ഇന്ത്യയിലെ കര്‍ഷകരുടെ സ്ഥിതി..? കാര്‍ഷിക ആത്മഹത്യകള്‍ വര്‍ദ്ധിച്ചതായുള്ള റിപ്പോര്‍ട്ടല്ലേ മുന്നിലുള്ളത്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കര്‍ഷകന് തുച്ഛമായ വിലമാത്രം ലഭിക്കുമ്പോള്‍ ഇടനിലക്കാരായ കോര്‍പ്പറേറ്റുകള്‍ക്ക് ഉയര്‍ന്നലാഭം ലഭിക്കുന്നു എന്നതല്ലെ യാഥാര്‍ത്ഥ്യം. ഫലത്തില്‍ ഉത്പ്പാദകനായ കര്‍ഷകന് അവന്റെ വിയര്‍പ്പിനുള്ള വിലകിട്ടുന്നില്ലെന്ന് മാത്രമല്ല, ഉപഭോക്താവായ ജനങ്ങള്‍ ഉയര്‍ന്നതുക കൊടുത്ത് വാങ്ങേണ്ടിയും വരുന്നു. കോര്‍പ്പറേറ്റുകളെ നിയന്ത്രിക്കാന്‍ മോദിസര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാകുമോ..? വിലക്കയറ്റം കാരണം വീട്ടിലേക്കും വീട്ടുകാര്‍ക്കുമുള്ള സാധനങ്ങള്‍ വാങ്ങുന്നതിന് കര്‍ഷനും കഴിയുന്നില്ല; സാധാരണക്കാര്‍ക്ക് ആര്‍ക്കും കഴിയുന്നില്ല എന്നതല്ലേ സത്യം. വിലക്കയറ്റം പിടിച്ചുനിര്‍ത്തി പാവങ്ങളെ സഹായിക്കാന്‍ ഇന്ധനവില നിയന്ത്രണാധികാരം കേന്ദ്രസര്‍ക്കാരില്‍ തിരിച്ച് നിക്ഷിപ്തമാക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയ്യാറുണ്ടോ..!?. ധനികരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം ഇല്ലാതാക്കുമെന്ന നയപ്രഖ്യാപന വാഗ്ദാനം നടപ്പാക്കുന്നതിനും ആദ്യം ചെയ്യേണ്ടത് മോഡി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് സേവ അവസാനിപ്പിക്കുകയാണ്. അതിനുള്ള ആര്‍ജ്ജവം കേന്ദ്ര ബി.ജെ.പി നേതൃത്വത്തിനെങ്കിലും ഉണ്ടാകുമോ..?

സാമൂഹ്യനീതിക്ക് മോദിസര്‍ക്കാര്‍ ഏറെപ്പണം ചെലവഴിക്കുന്നു എന്നതാണ് രാഷ്ട്രപതിയുടെ പ്രസംഗത്തിലെ മറ്റൊരുകാര്യം. സാമൂഹ്യനീതിതന്നെ ഗളച്ഛേദം ചെയ്യപ്പെട്ട അവസ്ഥയാണ് ബി.ജെ.പി ഭരണത്തില്‍ രാജ്യത്തുള്ളത്. വിലക്കയറ്റം കാരണം ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥ, ചിലഭക്ഷണങ്ങള്‍ക്ക് നിരോധനം, വെള്ളം, വൈദ്യുതി, പാര്‍പ്പിടം തുടങ്ങി അടിസ്ഥാന സൌകര്യം ഇനിയും ലഭ്യമാകാത്ത അവസ്ഥ, ചിന്തിക്കുന്ന തലകളെ ഇല്ലാതാക്കുന്ന സ്ഥിതി, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വിലക്ക്, കുഞ്ഞുങ്ങള്‍ നിരന്തരം മരിച്ചുവീഴുന്ന കാഴ്ച…ഇവിടെ എവിടെയാണ് സാമൂഹ്യനീതി നടപ്പായത് !?.

ഇന്ത്യയെ ഡിജിറ്റലൈസ് ചെയ്യുന്നത് ശക്തിപ്പെടുത്തുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ അത് ആവശ്യമാണ്. എന്നാല്‍ അടിസ്ഥാന സൗകര്യവികാസമില്ലാത്തയിടങ്ങളില്‍ എന്ത് ഡിജിറ്റലൈസേഷനാണ് നടപ്പാക്കുന്നത്. ഇവിടെ ആധുനികവത്ക്കരണത്തിന് മുമ്പ് അടിസ്ഥാന സൗകര്യവികാസം നടപ്പിലാക്കാനാണ് സാധിക്കേണ്ടത്. പുതിയ മൂന്ന് ലക്ഷം പാചകവാതക കണക്ഷനുകളും പ്രഖ്യാപനത്തില്‍ പറയുന്നതാണ്. ഉള്ള സബ്സിഡി എടുത്തുകളയുന്നതായി വാര്‍ത്തകള്‍ വരുമ്പോള്‍ പുതിയ കണക്ഷനുകള്‍ കൊണ്ട് ഈ മേഖലയിലെ കുത്തകകള്‍ക്ക് പ്രയോജനം ലഭിക്കുന്ന സ്ഥിതിയാവുമോ ഉണ്ടാവുക..? അങ്ങനെ ചിന്തിക്കാതിരിക്കണമെങ്കില്‍ എല്ലാവിലനിയന്ത്രണവും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുകയും സര്‍ക്കാര്‍ ജനപക്ഷത്തുനിന്ന് തീരുമാനമെടുക്കുന്നുവെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയും ചെയ്യണം.

പുറത്തുവന്ന വാര്‍ത്തകള്‍ രാജ്യത്ത് ബി.ജെ.പിക്കുള്ള ജനസമ്മതിയില്‍ വലിയ ഇടിവ് സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നതാണ്. ഗുജറാത്ത് തെരഞെടുപ്പ് ഉള്‍പ്പടെ അക്കാര്യം തെളിയിച്ചതുമാണ്. ഈ സാഹചര്യത്തിലാണ് ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സാധാരണ ജനങ്ങളെ മോഡി സര്‍ക്കാര്‍ വൈകിയനേരത്ത് കാണാന്‍ ശ്രമിക്കുന്നത്. പുല്ല് മുന്നില്‍ കെട്ടി നിലമുഴുന്ന കാളയെ ഓടിക്കുന്ന അതേ പ്രതീക്ഷ തന്നെയാവുമോ രാജ്യത്തെ ജനങ്ങള്‍ക്കും എന്നത് കാത്തിരുന്ന് കാണേണ്ട ഒന്നാണ്. എന്തായാലും 4 വര്‍ഷക്കാലം ജനങ്ങളെ മറന്ന് എണ്ണത്തില്‍ വിരലില്‍ തിട്ടപ്പെടുത്താവുന്ന കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നിലപാട് സ്വീകരിച്ച മോഡിസര്‍ക്കാര്‍ ഇനിയെങ്കിലും മാറുമോ..? കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ വിനീതവിധേയ ദാസന്മാരാവുന്ന ഭരണാധികാരികള്‍ക്ക് അത് സാധിക്കില്ലെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയുന്ന സാഹചര്യമാണ് മുന്നിലുള്ളത്. അതല്ലെങ്കില്‍ ഇന്ധവില നിയന്ത്രണാധികാരം ഉള്‍പ്പടെ സര്‍ക്കാരില്‍ തിരികെ കൊണ്ടുവരാന്‍ മോഡി സര്‍ക്കാര്‍ തയ്യാറാകട്ടെ. ഒരുകാര്യം ഉറപ്പിക്കാമെന്ന് തോന്നുന്നു – ഒരു നയപ്രഖ്യാപനം കൊണ്ടൊന്നും അനുഭവങ്ങളിലെ ദുരിതം മറക്കാന്‍ ബി.ജെ.പിക്ക് കഴിയില്ല.
– എം.വി ജയരാജന്‍

Top