മികച്ച ഗോള്‍ റൊണാള്‍ഡോയുടേത് തന്നെ, മികച്ച മത്സരം മെക്സിക്കോ – ജര്‍മ്മനി പോരാട്ടം

തിരുവനന്തപുരം: തീ പാറുന്ന മത്സരങ്ങളാണ് റഷ്യയില്‍ നിന്നും ലോകം കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍. ഹാട്രിക് തികച്ചുകൊണ്ട് 26 അടി അകലെനിന്ന് ഫ്രീ കിക്കെടുത്ത് സ്പെയിന്‍ പ്രതിരോധവും ഗോളിയേയും കീഴടക്കി ക്രിസ്ത്യാനോ റോണാള്‍ഡോ നേടിയ ഗോളാണ് ഇതുവരെയുള്ള മത്സരങ്ങളിലെ മികച്ച ഗോള്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാത്രമല്ല, ഇതുവരെയുള്ള മത്സരത്തില്‍ ഏറ്റവും മികച്ച മത്സരം മെക്സിക്കോ-ജര്‍മ്മനി പോരാട്ടം ആയിരുന്നെന്നും, ഇനിയുമൊരിക്കല്‍ക്കൂടി ആ 90 മിനുട്ട് മത്സരവും കാണാന്‍ അതേ ആവേശം തന്നെയാണെന്നും ജയരാജന്‍ പറഞ്ഞു. ഫിഫ ലോകകപ്പിലെ മത്സരങ്ങളെക്കുറിച്ച് ഫേസ്ബുക്കിലാണ് അദ്ദേഹം വിലയിരുത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

മികച്ചഗോള്‍ റൊണാള്‍ഡോയുടേത്; മികച്ച മത്സരം മെക്സിക്കോ-ജര്‍മ്മനി പോരാട്ടം
====================
ഇന്ന് നടന്ന പോളണ്ട്-സെനഗല്‍ മത്സരത്തോടെ റഷ്യന്‍ ലോകകപ്പില്‍ 32 രാജ്യങ്ങളും ആദ്യറൗണ്ടിലെ ഒരു മത്സരം പൂര്‍ത്തിയാക്കി. ഇതുവരെയുള്ള മത്സരങ്ങള്‍ വിലയിരുത്തുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന ഒരുകാര്യം 32 രാഷ്ട്രങ്ങളും കരുത്തരാണ് എന്നതുതന്നെയാണ്. നിലവിലെ ലോകചാമ്പ്യനായ ജര്‍മ്മനിയെ മെക്സിക്കോ അട്ടിമറിച്ചു. മുന്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയും ബ്രസീലും സ്പെയിനും സമനിലയില്‍ കുരുങ്ങി. ഇതില്‍ സ്പെയിന്‍, ശക്തരായ പോര്‍ച്ചുഗലിനോടാണ് ആദ്യകളിയില്‍ പോയിന്റ് പങ്കിട്ടതെങ്കില്‍, ബ്രസീലും അര്‍ജന്റീനയും മത്സരത്തിനുമുമ്പേ വിജയം ഉറപ്പിച്ചശേഷമാണ് തോല്‍വിയോളം പോന്ന സമനിലയില്‍ ഒതുങ്ങേണ്ടിവന്നത്. ഇന്ന് വൈകുന്നേരത്തെ ജപ്പാന്‍- കൊളംബിയ മത്സരത്തില്‍ ഏഷ്യന്‍ രാജ്യം 2:1 ന് ആദ്യമായി ഒരുലാറ്റിനമേരിക്കന്‍ രാജ്യത്തെ തോല്പ്പിച്ചു. ഫ്രാന്‍സും ഇംഗ്ലണ്ടും ഈ ലോകകപ്പിലെ പ്രഥമ മത്സരത്തില്‍ വിജയിച്ചെങ്കിലും കളിയില്‍ പിടിമുറുക്കിയത് എതിരാളികളായിരുന്നു. ആതിഥേയരായ റഷ്യ, മെക്സിക്കോ, ബെല്‍ജിയം, ജപ്പാന്‍, ക്രൊയേഷ്യ ടീമുകള്‍ വരവറിയിച്ചുകൊണ്ടുള്ള ഉജ്ജ്വല വിജയം നേടി. ഐസ്ലാന്റ്, സ്വീഡന്‍ ടീമുകള്‍ തങ്ങള്‍ മോശക്കാരല്ലെന്ന് തെളിയിച്ചുകഴിഞ്ഞു.

ഇതുവരെയുള്ള മത്സരത്തില്‍ ഏറ്റവും മികച്ച മത്സരമായി ഞാന്‍ വിലയിരുത്തുന്നത് മെക്സിക്കോ-ജര്‍മ്മനി മത്സരം തന്നെയാണ്. വേഗതയും കൃത്യതയും പ്രതിരോധവും ഒരുമിപ്പിച്ച്, അക്ഷരാര്‍ത്ഥത്തില്‍ ആക്രമണ-പ്രത്യാക്രമണങ്ങള്‍ നിറഞ്ഞ അതിസുന്ദര മത്സരമായിരുന്നു അത്. ഇനിയുമൊരിക്കല്‍ക്കൂടി ആ 90 മിനുട്ട് മത്സരവും കാണാന്‍ അതേ ആവേശം തന്നെയാണ്. മികച്ച രണ്ടാമത്തെ മത്സരമായി കാണുന്നത് സ്പെയിന്‍- പോര്‍ച്ചുഗല്‍ മത്സരത്തെയാണ്. നൃത്തച്ചുവടുകള്‍ ഓര്‍മ്മിപ്പിക്കുന്നവിധം കുറിയ പാസുകളുമായി മുന്നേറിയ സ്പെയിനിന്റെ നീക്കങ്ങള്‍ കാല്പ്പന്തുകളിയിലെ വശ്യസൗന്ദര്യം പകര്‍ന്നുനല്‍കിയതാണ്. എതിരെ മത്സരിച്ച പോര്‍ച്ചുഗലും പിന്നിലായിരുന്നില്ല. അര്‍ജന്റീനയ്‌ക്കെതിരെ പ്രതിരോധത്തിന്റെ ഉരുക്കുകോട്ട തീര്‍ത്ത ഐസ്ലാന്റ് ഫുട്ബോളിലെ മറ്റൊരു കാഴ്ച ലോകത്തിന് പകന്നുനല്‍കി. ഇംഗ്ലണ്ടിനെതിരായ ടുണീഷ്യയുടെ പ്രകടനവും മികച്ച മത്സരത്തിന്റെ പ്രതീക്ഷ പകരുന്നതാണ്. ബെല്‍ജിയം-പനാമ മത്സരവും, റഷ്യ- സൗദി അറേബ്യ മത്സരവും ഗോള്‍ വര്‍ഷം കൊണ്ട് ആവേശം നിറച്ച മത്സരങ്ങളായിരുന്നു.

ഇതുവരെയുള്ള മത്സരങ്ങളിലെ മികച്ച ഗോള്‍ ഏതെന്ന് ചോദിച്ചാല്‍, തീര്‍ച്ചയായും എന്റെ ഉത്തരം, ഹാട്രിക് തികച്ചുകൊണ്ട് 26 അടി അകലെനിന്ന് ഫ്രീ കിക്കെടുത്ത് സ്പെയിന്‍ പ്രതിരോധവും ഗോളിയേയും കീഴടക്കി ക്രിസ്ത്യാനോ റോണാള്‍ഡോ നേടിയ ആ ഗോള്‍ തന്നെ എന്നാവും. മികച്ച രണ്ടാമത്തെ ഗോളായി ഞാന്‍ കാണുന്നത്, സ്വിറ്റ്സര്‍ലാന്റിനെതിരെ ബ്രസീല്‍ താരം കുടീഞ്ഞോ നേടിയ ഗോളാണ്. മികച്ച മറ്റ് രണ്ടുഗോളുകള്‍ ഐസ്ലാന്റിനെതിരെ അര്‍ജന്റീനന്‍ സ്ട്രൈക്കര്‍ അഗ്വേറ നേടിയതും, ഇന്നലത്തെ ഇംഗ്ലണ്ട്-ടുനീഷ്യ മത്സരത്തില്‍ കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ, ഇംഗ്ലണ്ടിനെ വിജയിപ്പിച്ചുകൊണ്ട് കെയിന്‍ നേടിയ ഗോളുമാണ്.
ആരും കൂടുതല്‍ ശക്തരല്ലെന്നും ലോകത്തിലെ മികച്ച 32ല്‍ ഉള്‍പ്പെട്ട ലോകകപ്പിലെ എല്ലാരാഷ്ട്രങ്ങളും പോരാടാനും വിജയിക്കാനും കരുത്തുള്ളവരാണെന്നുമുള്ള വ്യക്തതയാണ് ഒരുമത്സരം എല്ലാരാജ്യങ്ങളും പൂര്‍ത്തിയാക്കിയപ്പോള്‍ തെളിയുന്നത്. കാലുകളില്‍ ചടുലവേഗം നിറച്ചും പ്രതിരോധം തീര്‍ത്തും തീ പാറുന്ന മത്സരങ്ങളാണ് റഷ്യയില്‍ നിന്നും ലോകം കാണുന്നത്. മത്സരം കനക്കട്ടെ; ഫുട്ബോള്‍ വിജയിക്കട്ടെ…

– എം.വി ജയരാജന്‍

Top