കേരളത്തില്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ ഗവര്‍ണറെ തന്നെ ഉപയോഗിക്കുകയാണ്: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെയ്ക്കാത്തതില്‍ വേറെ ആരെയും പ്രതിയാക്കാന്‍ പറ്റില്ലെന്നും പ്രതിപക്ഷത്തിന് പങ്കില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എന്നാല്‍ ഇതിന് പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട്, അത് ബിജെപി രാഷ്ട്രീയം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.

കേരളത്തില്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ ഗവര്‍ണറെ തന്നെ ഉപയോഗിക്കുകയാണ്. മൂന്ന് മാസമായി നിയമസഭ ബില്ല് പാസാക്കിയിട്ട്. ഇനിയും നീണ്ടാല്‍ ഗവര്‍ണര്‍ക്ക് എവിടെയും പോകാനാവാത്ത പ്രതിഷേധം കേരളം മുഴുവന്‍ ഉണ്ടാകും. ഇപ്പോള്‍ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളാണ് ഇറങ്ങിയിരിക്കുന്നതെങ്കില്‍ ഇനി കര്‍ഷകരും ഇറങ്ങുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

നിയമസഭ പാസാക്കിയ ഭൂ പതിവ് നിയമഭേദഗതി ബില്ലില്‍ ഒപ്പിടാത്തതിനെതിരെയാണ് എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. എന്നാല്‍ രാജ്ഭവന്‍ മാര്‍ച്ച് നടക്കുന്ന ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടുക്കിയിലാണ്. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ കാരുണ്യ കുടുംബ സുരക്ഷ പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ തൊടുപുഴയിുലെത്തിയത്. ഇതോടെ ഇടുക്കിയിലും ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് പ്രതിഷേധിച്ചു. ഇന്ന് ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

Top