ഇന്ത്യ മഹാസഖ്യത്തിലെ കരുത്തുറ്റ പ്രസ്ഥാനമായി സിപിഎം ഉണ്ടാകുമെന്ന് എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: ഇന്ത്യ മഹാസഖ്യത്തിലെ കരുത്തുറ്റ പ്രസ്ഥാനമായി സിപിഎം ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇന്ത്യ മഹാസഖ്യത്തിലെ 28 പാര്‍ട്ടികള്‍ക്കൊപ്പം ബിജെപിയെ താഴെയിറക്കാന്‍ സിപിഎമ്മും ഉണ്ടെന്ന് ഗോവിന്ദന്‍ പറഞ്ഞു.

”ഇന്ത്യ എന്ന ബിജെപി വിരുദ്ധ രാഷ്ട്രീയ മഹാസഖ്യത്തില്‍ ഏറ്റവും ശക്തിമത്തായ നിലയില്‍ സിപിഎം ഉണ്ടാകും. വിശാലമായ വ്യവസ്ഥിതിയാണത്, അതില്‍ ഞങ്ങളുമുണ്ട്. ഇപ്പോള്‍ തന്നെ 28 പാര്‍ട്ടികളുണ്ട്. ഈ വിശലമായ സഖ്യത്തില്‍ അവര്‍ക്കൊപ്പം ഞങ്ങളുമുണ്ടാകും”- എം.വി.ഗോവിന്ദന്‍ പറഞ്ഞു.

കോണ്‍ഗ്രസുമായി വേദി പങ്കിട്ടാല്‍ എല്‍ഡിഎഫിന്റെ രാഷ്ട്രീയ പോരാട്ടം ദുര്‍ബലമാകില്ല എന്ന ബിനോയ് വിശ്വം എംപിയുടെ പരാമര്‍ശത്തോടും ഗോവിന്ദന്‍ പ്രതികരിച്ചു. ”ഓരോരുത്തര്‍ക്കും അവരവരുടേതായ നിലപാടുണ്ട്. മഹാസഖ്യത്തിന്റെ ഭാഗമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ എല്ലാവരും പങ്കെടുത്തതു കൊണ്ടാണല്ലോ പരിപാടി നടത്തുന്നത്. ബിജെപിയെ താഴിയിറക്കുക, ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ ഫലപ്രദമായി എതിര്‍ക്കുക എന്നിങ്ങനെ മതനിരപേക്ഷ ഉള്ളടക്കത്തോടു കൂടി പ്രവര്‍ത്തിക്കുന്ന ഇന്ത്യ മഹാസഖ്യത്തിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമായി സിപിഎം ഉണ്ടാകും”- ഗോവിന്ദന്‍ പറഞ്ഞു.

Top