‘വന്ദേ ഭാരത് സില്‍വര്‍ ലൈനിന് ബദല്‍ അല്ല’; കെറെയില്‍ പദ്ധതി നടപ്പിലാക്കുമെന്ന് എംവി ഗോവിന്ദന്‍

കണ്ണൂര്‍: കെറെയില്‍ പദ്ധതി നടപ്പിലാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കെറെയില്‍ വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. പദ്ധതി ഇന്നല്ലെങ്കില്‍ നാളെ നടപ്പിലാക്കും. കേരളത്തിന് അനിവാര്യമാണ് കെറെയില്‍. പദ്ധതി കേരളത്തെ ഒരു വലിയ നഗരമാക്കി മാറ്റുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

വന്ദേ ഭാരത് ട്രെയിന്‍, കെറെയിലിന് ബദല്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരതും കെറെയിലും തമ്മില്‍ യാതൊരു ബന്ധവുമില്ല. കെറെയിലിനെ അറിയാത്തത് കൊണ്ടാണ് ഇത് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഉന്നത ശ്രേണിയിലുള്ളവര്‍ക്ക് മാത്രമല്ല കെറെയില്‍, എല്ലാ ജനവിഭാഗത്തിനും വേണ്ടിയുള്ളതാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. അപ്പവുമായി കുടുംബശ്രീക്കാര്‍ കെറെയിലില്‍ തന്നെ പോകുമെന്നും അദ്ദേഹം പ്രതികരിച്ചു. ”വന്ദേഭാരത് കയറി അപ്പവും കൊണ്ട് പോയാല്‍ രണ്ടാമത്തെ ദിവസമാണ് എത്തുക. കേടാകുമെന്ന് ഉറപ്പല്ലേ.”-ഗോവിന്ദന്‍ പറഞ്ഞു.

ക്രിസ്ത്യന്‍ സമുദായത്തെ വശത്താക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ അക്രമങ്ങളാണ് ബിജെപി ക്രൈസ്തവര്‍ക്കെതിരെ അഴിച്ചു വിട്ടത്. ഇത് തുറന്ന് കാണിക്കുകയാണ് സിപിഐഎം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Top