ആർഎസ്എസിന്റെ തീരുമാനമാണ് ഗവർണർ കേരളത്തിൽ നടപ്പാക്കുന്നതെന്ന് എം വി ഗോവിന്ദൻ

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിലെ രാഷ്ട്രീയവും ഭരണഘടനാപരവുമായ കാര്യങ്ങള്‍ ഭരണഘടനാ വിരുദ്ധമായി കൈകാര്യം ചെയ്യാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് എം.വി. ഗോവിന്ദന്‍. ആര്‍.എസ്.എസ് ആണെന്ന് പരസ്യമായി പറയുന്ന ആളാണ് ഗവര്‍ണര്‍. ആര്‍.എസ്.എസിന്റെ സമുന്നത നേതൃത്വവുമായി ചര്‍ച്ചചെയ്താണ് കേരളത്തിന്റെ വിവിധ വിഷയങ്ങളില്‍ ഭരണഘടനാവിരുദ്ധമായ നിലപാട് കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ബി.ജെ.പി. സര്‍ക്കാര്‍ രാഷ്ട്രീയമായി നിശ്ചയിക്കുന്ന പോസ്റ്റാണ് ഗവര്‍ണറുടേത്, തിരഞ്ഞെടുക്കപ്പെടുന്നതല്ല. രാഷ്ട്രീയം കൈകാര്യംചെയ്യുന്നവരാണ് ഗവര്‍ണറാവുന്നത്. ആ രാഷ്ട്രീയം ഭരണഘടനാപരമായും നിയമപരമായും കൈകാര്യംചെയ്യുന്ന സാഹചര്യമായിരുന്നു മിക്കവാറും സംസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകളുമായി ബന്ധപ്പെട്ട് പ്രതിസന്ധികളും സംഘര്‍ഷങ്ങളും ചില സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ബി.ജെ.പി. ഇതര സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ എടുക്കുന്നത് നിഷേധാത്മക നിലപാടാണ്. ആര്‍.എസ്.എസ്. ആണെന്ന് പരസ്യമായി പറയുകയും നേതൃത്വവുമായി ചര്‍ച്ചചെയ്ത് കേരളത്തിന്റെ രാഷ്ട്രീയവും ഭരണഘടനാപരവുമായ വിഷയങ്ങള്‍ ഭരണഘടനാ വിരുദ്ധമായി കൈകാര്യം ചെയ്യാനാണ് ശ്രമം’, എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Top