തിരുവനന്തപുരം: സിഎഎ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളില്‍ ഭൂരിഭാഗവും ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്ക് എതിരെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗൗരവ സ്വഭാവമുള്ള കേസുകളും കൂട്ടത്തിലുണ്ട്. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സിപിഎമ്മിന് ശക്തമായ നിലപാടുണ്ട്. നിയമം ഒരു കാരണവാശലും കേരളത്തില്‍ നടപ്പാക്കില്ല. സമാന ചിന്താഗതിയുള്ളവരെ കൂടെ കൂട്ടി മുന്നോട്ട് പോകണമെന്ന് തന്നെയാണ് അന്നും ഇന്നും സിപിഎമ്മിന്റെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. എന്ന് പറഞ്ഞാല്‍ ബിജെപിയെ സഹായിക്കുന്നതാണ് സതീശന്റെ നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ ഫലപ്രദമായ കൂട്ടായ്മകള്‍ രൂപപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇടതുമുന്നണിയോട് ഏറ്റുമുട്ടുന്ന കോണ്‍ഗ്രസ്, ബിജെപിക്കെതിരെ പോരാടാന്‍ ഒന്നും ചെയ്യുന്നില്ല. ഓരോ സംസ്ഥാനവും ഓരോ യൂണിറ്റുകളായെടുത്ത് ബിജെപി വിരുദ്ധ വോട്ട് ചോരാതെ പ്രത്യേകം പദ്ധതി തയ്യാറാക്കിയില്ലെങ്കില്‍ ഇന്ത്യ സഖ്യത്തിന് ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സിഎഎ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ അദ്ദേഹം വിമര്‍ശിച്ചു. ഹിന്ദുത്വ അജണ്ട സ്ഥാപിക്കാന്‍ സംഘപരിവാര്‍ ശ്രമത്തിന്റെ ഭാഗമാണ് സിഎഎ. പാര്‍ലമന്ററി ജനാധിപത്യം തകര്‍ക്കാന്‍ ബോധപൂര്‍വമുള്ള നീക്കം നടക്കുന്നു. ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. പൗരത്വ നിയമം അടിച്ചേല്‍പ്പിക്കുന്നത് മതനിരപേക്ഷതക്ക് വിരുദ്ധമായ നിലപാടാണ്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്‌നമല്ല ഇത്. ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് പൗരത്വ നിയമം നടപ്പാക്കുന്നത്. , തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കത്തെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.