സംസ്ഥാനത്ത് ഇടത് മുന്നണി സര്‍ക്കാരിനെതിരെ കള്ള പ്രചാരവേല നടക്കുന്നുവെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത് മുന്നണി സര്‍ക്കാരിനെതിരെ കള്ള പ്രചാരവേല നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എംവി ഗോവിന്ദന്‍. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും നേതാക്കള്‍ക്കുമെതിരെ കള്ള പ്രചാരവേല നടക്കുന്നുണ്ട്. സംസ്ഥാന സഹകരണ മേഖലയിലെ ഇഡി പരിശോധനയും ആ രൂപത്തിലാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സഹകരണ പ്രസ്ഥാനം എല്ലാ മേഖലയിലും ഇടപെടുന്നുണ്ട്. സഹകരണ മേഖലയെ ഒതുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ രംഗത്തുണ്ട്. കരുവന്നൂരില്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തിയതാണ്. ഇതിന് ശേഷം പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന് തെളിവുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്നും എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

എസി മൊയ്തീന്‍ ചാക്കില്‍ പണം കെട്ടി കൊണ്ടുപോകുന്നത് കണ്ടുവെന്ന് പറയാന്‍ കൗണ്‍സിലര്‍മാരെ ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുകയാണ്. ഉത്തരേന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഭീഷണിപ്പെടുത്തുന്നത്. മകളുടെ വിവാഹ നിശ്ചയം പോലും നടക്കില്ലെന്ന് അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എല്ലാവര്‍ക്കും വീട് എന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണം. കെ. ഫോണ്‍, എഐ ക്യാമറകള്‍ യാഥാര്‍ത്ഥ്യമായത് നേട്ടമാണ്. ദേശീയപാതാ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയണം. കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കാതെ സംസ്ഥാന സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കടമെടുക്കാനുള്ള സംസ്ഥാനത്തിന്റെ പരിധി വെട്ടിക്കുറയ്ക്കുന്നത് കേരളത്തിലെ ജനങ്ങള്‍ക്കെതിരായ യുദ്ധമാണ്. ഭൂപതിവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചു. 518 കോടി ദേവസ്വം ബോര്‍ഡിന് നല്‍കി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മൂന്നായി തിരിക്കും. കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിയത് പൂര്‍ത്തിയാക്കും, ഈ സര്‍ക്കാരിന്റെ പദ്ധതികള്‍ പൂര്‍ത്തിയാക്കും. പുതിയ പദ്ധതികള്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top