‘ബജറ്റ് കേരളത്തെ വികസന പാതയിലേക്ക് നയിക്കാന്‍ സഹായിക്കും’; എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തെ എങ്ങനെ ശക്തമാക്കാം എന്നതിനുള്ള ഉത്തരമാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ബജറ്റ് എല്ലാ മേഖലയെയും സ്പര്‍ശിച്ചു. ബജറ്റ് കേരളത്തെ വികസന പാതയിലേക്ക് നയിക്കാന്‍ സഹായിക്കുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

പ്രതികൂലമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളം എല്ലാ മേഖലയിലും കുതിച്ചുയരുകയാണ്. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നിലപാടുകള്‍ക്കിടയിലും സംസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ ഉതകുന്ന ബജറ്റാണ് കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. ക്ഷേമ പെന്‍ഷന്‍ വിഷയത്തില്‍ പ്രതിപക്ഷ വിമര്‍ശനത്തിനും അദ്ദേഹം മറുപടി നല്‍കി.

24 മാസം ക്ഷേമപെന്‍ഷന്‍ കുടിശ്ശിക വരുത്തിയവരാണ് വിമര്‍ശിക്കുന്നത്. അവര്‍ നല്‍കിയിരുന്ന 600 രൂപ 1600 ആക്കി ഉയര്‍ത്തി നല്‍കി. ക്ഷേമ പെന്‍ഷന്‍ 1600ല്‍ നിന്ന് വര്‍ധിപ്പിക്കണമെന്നാണ് ആലോചിക്കുന്നത്. കേന്ദ്ര നിലപാട് കൊണ്ടാണ് ഇപ്പോള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയാത്തത്. കേരളത്തിലെ ജനങ്ങള്‍ക്ക് എന്ത് കിട്ടാതിരിക്കുന്നു എന്ന കാര്യമാണ് പ്രതിപക്ഷം ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെ പിന്തുണക്കുന്നു. പ്രതിപക്ഷം കേന്ദ്രത്തിനൊപ്പം നിന്ന് കേരളത്തിലെ ഇടതുമുന്നണിക്കെതിരെ സമരം ചെയ്യുന്നവരാണ്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. കേരളത്തില്‍ പൊതു ശത്രു സിപിഐഎം മാത്രമാണെന്നും എം.വി ഗോവിന്ദന്‍.

Top