ഗോപി ആശാന്‍ പുരോഗമന നിലപാട് സ്വീകരിച്ച മഹാപ്രതിഭയാണ്; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പ്രചാരണത്തിന്റെ ഭാഗമായി കലാമണ്ഡലം ഗോപിയെ സമീപിക്കാന്‍ ശ്രമിച്ചുവെന്ന മകന്റെ ആരോപണത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗോപി ആശാന്‍ പുരോഗമന നിലപാട് സ്വീകരിച്ച മഹാപ്രതിഭയാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. തൃശൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പ്രചാരണത്തിന്റെ ഭാഗമായി കലാമണ്ഡലം ഗോപിയെ സമീപിക്കാന്‍ ശ്രമിച്ചുവെന്ന മകന്റെ ആരോപണത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ് ഗോപി തന്റെ ഉപചാപകരെ ഉപയോഗിച്ച് പ്രവേശിക്കാന്‍ സാധിക്കാത്ത ഇടത്ത് പ്രവേശിക്കാന്‍ ശ്രമിച്ചു. ബിജെപി ഒരു മണ്ഡലത്തിലും ശക്തിയല്ല, ഒരു മണ്ഡലത്തിലും ജയിക്കുകയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യായ് യാത്രയിലെ ഇടത് പാര്‍ട്ടികളുടെ അസാന്നിധ്യത്തെ കുറിച്ചും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ്സ് പരിപാടിയില്‍ ഞങ്ങള്‍ എന്തിന് പങ്കെടുക്കണം, അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ ഐക്യ പ്രസ്ഥാനമാണ് വേണ്ടത്. അവിടെ ഐക്യം പറയുന്നു, എന്നിട്ട് പ്രമുഖ നേതാക്കള്‍ ഇവിടെ വന്ന് മത്സരിക്കുന്നുവെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ഭരണഘടനാ സംരക്ഷണ റാലിയിലേക്ക് ലീഗിനെ ക്ഷണിക്കുമോ എന്ന ചോദ്യത്തിന് എല്ലാവരെയും അണി നിരത്തി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top