പ്ലാസ്റ്റിക് നിരോധനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: പ്ലാസ്റ്റിക് നിരോധനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. ജില്ലാ അടിസ്ഥാനത്തില്‍ കൃത്യമായ പരിശോധനകള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നിട്ടും നിരോധിത പ്ലാസ്റ്റിക് സംസ്ഥാനത്ത് ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രി എം.വി ഗോവിന്ദന്റെ പ്രതികരണം.

2020 ജനുവരിയിലാണ് കേരളത്തില്‍ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍ വന്നത്. നിരോധിച്ച ഉല്‍പ്പന്നങ്ങളില്‍പെടുന്ന 300 എം.എല്‍ പ്ലാസ്റ്റിക് ബോട്ടില്‍ ഒരു നിയന്ത്രണങ്ങളുമില്ലാതെ നാട്ടില്‍ സുലഭമാണ്. ശുചിത്വമിഷന്‍ നിര്‍ദ്ദേശിക്കുന്ന പരിശോധനയും പിഴയും നടപ്പാക്കിയിട്ടില്ല.

നിരോധനം നടപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശമുണ്ട്. പക്ഷെ യാതൊരുവിധ പരിശോധനയും നടക്കുന്നില്ല. 5000 മുതല്‍ 50,000 രൂപ വരെ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പിഴ ഈടാക്കാം. പക്ഷെ നാട്ടില്‍ ശീതളപാനീയങ്ങള്‍ സുലഭമായി 300എംഎല്‍ താഴെ അളവുള്ള പ്ലാസ്റ്റിക് ബോട്ടിലുകളില്‍ ലഭ്യമാണ്.

സര്‍ക്കാര്‍ നിരോധിച്ച ഉത്പന്നങ്ങള്‍ നികുതി ഈടാക്കി വിപണിയിലും ലഭ്യമാണ്. പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് പകരം പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ പോത്സാഹിപ്പിക്കണമെന്നും ശുചിത്വമിഷന്റെ നിര്‍ദ്ദേശങ്ങളിലുണ്ട്.

Top